Uncategorized

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി തമിഴ് നാട് നിയമസഭയിലെത്തി. 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് ചര്‍ച്ചകള്‍ ആരംഭിച്ചു.
കോണ്‍ഗ്രസിന്റെ ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്. ദ്രാവിഡ പാര്‍ട്ടികളുടെ ഭരണത്തില്‍ ഒരിയ്ക്കല്‍ പോലും മറ്റ് പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടമുണ്ടായിരുന്നില്ല. പുതിയ ചരിത്രമെഴുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ്, ആ കീഴ് വഴക്കവും മാറ്റുകയാണ്. കോണ്‍ഗ്രസ് നിയമസബാ കക്ഷി നേതാവ് സി രാജേഷ് കുമാര്‍, പി വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മന്ത്രിമാരാകാനുള്ള അവസരം കൈവന്നത്. മുസ്ലിം ലീഗ്, വിടുതലൈ സിരുത്തൈകള്‍ കക്ഷികള്‍ എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കും.

ദളിത് പ്രാതിനിധ്യം ഉറപ്പാക്കാനും മുഖ്യമന്ത്രി സി ജോസഫ് വിജയ്, ഏറെ ശ്രദ്ധിച്ചു. ഏഴ് പേരാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍. ഇന്ന് മൂന്ന് പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ, മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം നാലായി. ഇന്നത്തെ സത്യപ്രതിജ്ഞ കൂടി കഴിഞ്ഞപ്പോള്‍ ആകെ മന്ത്രിമാരുടെ എണ്ണം 32 ആയി. 34 ആണ് മന്ത്രിസഭയുടെ ആകെ എണ്ണം. വിസികെ, മുസ്ലിം ലീഗ് എന്നിവര്‍ക്കായാണ് രണ്ട് സീറ്റുകള്‍ മാറ്റിവെച്ചത്.

ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിലും തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചുവെന്നാരോപിച്ച് ഡിഎംകെ രംഗത്തെത്തി. ടിവികെയുടെ പേരില്‍ മാത്രമാണ് തമിഴ്‌നാട് ഉള്ളത്. ഭരണത്തില്‍ കാണിക്കുന്നത് സംഘിസം. ഒരേ തെറ്റ് ആവര്‍ത്തിച്ച് ടിവികെ തമിഴ് തായ് വാഴ്ത്തിനെ വീണ്ടും അപമാനിച്ചു. ഡല്‍ഹിയിലെ യജമാനന്‍ മാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ടിവികെ സര്‍ക്കാരിന്റെ മുഖം മൂടി അഴിഞ്ഞുവീണുവെന്നും ഡിഎംകെ എക്‌സില്‍ വിമര്‍ശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button