മഞ്ഞുരുകുന്നു; ചെന്നിത്തല അനുനയത്തിന് വഴങ്ങിയേക്കും, മന്ത്രിസഭയുടെ ഭാഗമാകുമെന്ന് സൂചന

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് അനുനയത്തിന് വഴങ്ങിയേക്കും. ചെന്നിത്തല വി ഡി സതീശന്‍ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. അന്തിമ തീരുമാനം വൈകുന്നേരത്തോടെയറിയാം. കെ സി വേണുഗോപാല്‍ തലസ്ഥാനത്ത് എത്തിയാലുടന്‍ തീരുമാനമുണ്ടാകും. വകുപ്പ് ചുമതല എന്താണെന്നും വൈകുന്നേരത്തോടെ അറിയാം.
അതേസമയം, രമേശ് ചെന്നിത്തല എടുക്കാറുള്ളത് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തീരുമാനങ്ങളാണെന്നും ഇത്തവണയും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജോസഫ് വാഴക്കന്‍ പ്രതികരിച്ചു. വകുപ്പ് സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല വരുന്നത് അനിവാര്യമായ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണമാണ് ഇപ്പോഴത്തെ കാര്യം. കെപിസിസി അധ്യക്ഷ ചര്‍ച്ച പിന്നീട് സംസാരിക്കേണ്ട കാര്യമാണെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ അമര്‍ഷം കടുപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കമാണ് ഹൈക്കമാന്‍ഡ് നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു.




