Uncategorized

‘സ്കൂ‌ൾ ഐറ്റംസ്’ വില്‌പനയുമായി സഹ.ബാങ്കുകളും സ്‌കൂളുകളും ; പ്രതിഷേധ പ്രചരണവുമായി വ്യാപാരികൾ

പേരാവൂർ: വ്യാപാരത്തെ പ്രതിസന്ധിയിലാക്കി സഹകരണ ബാങ്കുകളും സ്വകാര്യ സ്‌കൂളുകളും സ്‌കൂൾ ഐറ്റംസുകളുടെ വില്‌പനയുമായി സജീവമായതോടെ പ്രതിഷേധ പ്രചരണവുമായി വ്യാപാരികൾ രംഗത്ത്. ഓൺലൈൻ വ്യാപാരം സർവസാധാരണമായതോടെ വർഷത്തിൽ മെയ് മാസത്തിലെ സ്‌കൂൾ വിപണിയാണ് ചെറുകിട വ്യാപാരികൾക്ക് ആശ്വാസം നല്‌കുന്നത്.

എന്നാൽ, ഏതാനും വർഷങ്ങളായി പുസ്‌തകം, ബാഗ്,കുട,അനുബന്ധ സാധനങ്ങൾ, യൂണിഫോം എന്നിവയുടെ വ്യാപാരം സ്വകാര്യ സ്‌കൂളുകളും സഹകരണ ബാങ്കുകളും ‘സ്‌കൂൾ സ്റ്റോറുകൾ’ എന്ന പേരിൽ ഏറ്റെടുത്തതോടെ ചെറുകിട വ്യാപാരികളുടെ അവസ്ഥ ദയനീയമാണ്. വ്യാപാരം നടത്താൻ തദ്ദേശസ്ഥാപനത്തിൽ നിന്ന് ലൈസൻസ് ആവശ്യമാണെങ്കിലും ഇത്തരക്കാർക്കെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
വ്യാപാരികളെ ദുരിതത്തിലാക്കി സ്കൂൾ സ്റ്റോറുകൾ എന്ന പേരിൽ നടത്തുന്നഅനധികൃത വ്യാപാരത്തിനെതിരെ പ്രചരണം നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റാണ് രംഗത്ത് വന്നിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഇത്തരം വ്യാപാരം നടത്തുന്ന സ്‌കൂളിൽ തങ്ങളുടെ കുട്ടികളെ ചേർക്കാതിരിക്കാനും നിലവിലുള്ള കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റാനുമാണ് വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്.

പരിഹാരമായില്ലെങ്കിൽ മറ്റു സമര രീതികളിലേക്ക് കടക്കുമെന്നും ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷനായി. എസ്.ബഷീർ, സുനിത്ത് ഫിലിപ്പ്, ദീപ രാജൻ, സോയ സുരേന്ദ്രൻ, വി.കെ.വിനേശൻ, സാഗർ രാജൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button