Uncategorized

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ‘ഒ ജെ ജനീഷിനും ഷാഫി പറമ്പിലിനുമെതിരെ കേസെടുക്കണം’; പരാതി നല്‍കി എസ്എഫ്‌ഐ

തിരുവനന്തപുരം: മന്ത്രി ഒ ജെ ജനീഷിനും ഷാഫി പറമ്പില്‍ എം പിക്കുമെതിരെ നിയമ നടപടിയുമായി എസ്എഫ്‌ഐ. ജനീഷിനും ഷാഫി പറമ്പിലിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐയുടെ നടപടി. വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് സി ഐ സതീഷ് കുമാര്‍, എസ്‌ ഐ ഗോകുല്‍ ഗോപന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജനീഷ്, ഷാഫി പറമ്പില്‍ എംപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ കോമ്പൗണ്ടിലേക്ക് തീപ്പന്തമെറിഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ തിരികെ കമ്പും കല്ലും കുപ്പികളും വലിച്ചെറിഞ്ഞതായായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ഇതിനിടെ വന്‍ പൊലീസ് സന്നാഹം സ്ഥലത്തേയ്ക്ക് എത്തി. ഇതേ സമയം തന്നെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും സ്ഥലത്തേയ്ക്ക് എത്തി. പന്തം വീണ് പടര്‍ന്ന തീ അണച്ചതിന് പിന്നാലെ പൊലീസ് സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെ കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കുമെതിരെ പി എസ് സഞ്ജീവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കന്റോണ്‍മെന്റ് സി ഐയും എസ്‌ ഐയും കോണ്‍ഗ്രസിന്റെ അടിമപ്പണിയെടുക്കുന്നുണ്ടെങ്കില്‍ അവിടെപ്പോയി എടുത്താല്‍ മതിയെന്നും ഇങ്ങോട്ട് വരേണ്ടെന്നും സഞ്ജീവ് ആഞ്ഞടിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം വലിയ വിവാദത്തിന് വഴിവെച്ചു. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനിടെ ഹോസ്റ്റിലെ വിദ്യാര്‍ത്ഥിയെ എസ്‌ഐ ഗോകുല്‍ ഗോപന്‍ ലാത്തികൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. ഇതോടെ ഗോകുല്‍ ഗോപനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഗോകുല്‍ ഗോപന്റെ ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. ഇതേ സമയം തന്നെ ഭീഷണി മുഴക്കിക്കൊണ്ടുള്ള സിഐ സതീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നു. ഇതോടെ എസ്എഫ്‌ഐ പ്രതിഷേധം ശക്തമാക്കി. സിഐയ്ക്കും എസ്‌ഐക്കുമെതിരെ ശക്തമായ നടപടി വേണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. ഒക്ടോബര്‍ പത്തിനുള്ളില്‍ നടപടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button