Uncategorized

ഇനി ദളപതി; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും

ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. ഇതിനുള്ള തിരക്കിട്ട ചർച്ചകളാണ് പട്ടിനമ്പാക്കത്ത് നടക്കുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, ഒരു രാത്രി നീണ്ട ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഏകദേശ ധാരണയിലെത്തിയിരിക്കുന്നത്.

കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുള്ളതിനാൽ സഖ്യകക്ഷികളുമായി വിജയ് ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ പാർട്ടികൾ, വിസികെ, സിപിഐഎം, സിപിഐ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് ചെറിയ പ്രാദേശിക പാർട്ടികളുമായി നടൻ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.

ഇവരുടെ കൂടെ പിന്തുണ ലഭിച്ചാൽ വിജയ്‌യുടെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാടിൻ്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ടിവികെയോടൊപ്പം ചേരാനുള്ള തീരുമാനമാണ് കോൺഗ്രസ് എടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടിവികെയെ പിന്തുണയ്ക്കുന്നതിനെ അനുകൂലിച്ചിരുന്നു.

പുറത്ത് നിന്നുള്ള പിന്തുണയോടെ ടിവികെ ഭൂരിപക്ഷം തെളിയിക്കാമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ഔദ്യോഗിക പിന്തുണ കത്ത് തമിഴ്‌നാട് ഗവർണർക്ക് ടിവികെ ഇന്ന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.അതിനിടെ ടിവികെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ ഡിഎംകെ രംഗത്തെത്തി. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ നേതാവ് ശരവണൻ അണ്ണാദുരൈ എക്സിൽ കുറിച്ചു. ടിവികെ പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണ്, ഇത് ഡിഎംകെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button