Uncategorized

തെരഞ്ഞെടുപ്പില്‍ സംപൂജ്യര്‍; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന, ഒരു വിഭാഗം എൽഡിഎഫ് വിട്ടേക്കും

പാലാ: തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുഡിഎഫില്‍ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാർട്ടിക്ക് മധ്യകേരളത്തില്‍ നിലം തൊടാനായില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി.

1979ല്‍ രൂപീകൃതമായ ശേഷം ഇതാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സമ്പൂര്‍ണ്ണമായും കാലിടറി. 12 സീറ്റുകളില്‍ മത്സരിച്ച പാർട്ടിക്ക് ഒറ്റ സ്ഥാനാര്‍ത്ഥിയെയും നിയമസഭയിലെത്തിക്കാനായില്ല. മധ്യകേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയുടെ അടിത്തറയിളകി. പാർട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്വന്തം മണ്ഡലമായ പാലായില്‍ 2991 വോട്ടുകൾക്കാണ് തോറ്റത്. 13 തവണ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് വിജയിച്ച പാലാ കെ എം മാണിക്ക് ശേഷം ഇത്തവണയും രണ്ടിലയെ തുണച്ചില്ല.

ഏറ്റവും വലിയ തോല്‍വി നേരിട്ടത് ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനാണ്. കോണ്‍ഗ്രസിലെ റോയ് കെ പൗലോസിനോട് 23,822 വോട്ടുകൾക്കാണ് തോറ്റത്. കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും തോറ്റ മുതിര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടുന്നു. എക്കാലവും കേരള കോണ്‍ഗ്രസിനൊപ്പം നിന്ന പരമ്പരാഗത ക്രൈസ്തവ വോട്ടുകള്‍ കൈവിട്ടതാണ് പ്രധാന പരാജയ കാരണമായി കണക്കാക്കപ്പെടുന്നത്.

തോല്‍വിയുടെ കാരണങ്ങള്‍ കേരള കോണ്‍ഗ്രസും എല്‍ഡിഎഫും വിലയിരുത്തുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ജനാധിപത്യത്തിന്റെ ഭാഗമാണ് ജയപരാജയങ്ങള്‍. തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനം ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

അതേസമയം, മന്ത്രിസഭാ ചര്‍ച്ചകളില്‍ തിടുക്കപ്പെട്ട് ഇടപെടേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പിന്നീട് മതിയെന്ന് തൊടുപുഴയിലെ നിയുക്ത എംഎല്‍എ അബു ജോണ്‍ ജോസഫ് വ്യക്തമാക്കി. മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചതിനാല്‍ മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണെന്ന നിലപാടിലാണ് പാര്‍ട്ടി അണികള്‍. അപു ജോണ്‍ ജോസഫിനെയും മോന്‍സ് ജോസഫിനെയും മന്ത്രിമാരാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. തെരഞ്ഞെടുപ്പില്‍ വന്‍ സ്‌ട്രൈക്ക് റേറ്റുമായി ജോസഫ് വിഭാഗം കരുത്തുകാട്ടിയപ്പോള്‍ മാണി വിഭാഗം സംപൂജ്യരായത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button