ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് സർക്കാർ ഇത് സംബന്ധിച്ച നിർദേശം നൽകിയത്. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് വെയ്ക്കും. നാളെ വൈകുന്നേരം നാല് മണിക്കാണ് സംസ്കാരം നടത്തുക.
ഇന്നലെയാണ് ഡിജോ കാപ്പൻ (68) അന്തരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.
അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പൻ. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. തുടർന്ന് സെന്‍റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചു. മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. കെഎസ്‌സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഡിജോ കാപ്പന്‍ 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.




