Uncategorized

പ്രസവക്കിടക്കയിൽ നിന്ന് കോടതിയിലേക്ക്, സിസേറിയൻ ചെയ്യാൻ വിസമ്മതിച്ച യുവതി നേരിട്ടത് അസാധാരണ നിയമ യുദ്ധം

ഫ്ലോറിഡ: സിസേറിയൻ ചെയ്യാൻ വിസമ്മതിച്ച യുവതിക്ക് ആശുപത്രി കിടക്കയിൽ നേരിടേണ്ടി വന്നത് അസാധാരണമായ നിയമ യുദ്ധം. ഫ്ലോറിഡയിലെ ജാക്‌സൺവില്ലിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് ചെറിസ് ഡോയ്‌ലി എന്ന യുവതിക്കുണ്ടായ അനുഭവം വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. പ്രസവവേദനയുമായി ആശുപത്രിയിൽ കഴിയുന്നതിനിടെ തന്റെ മെഡിക്കൽ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശത്തിനായി ലാപ്ടോപ്പ് സ്ക്രീനിലൂടെ ഓൺലൈനായി കോടതിക്ക് മുന്നിൽ ഹാജരാകേണ്ടി വന്നിരിക്കുകയാണ് ചെറിസ് ഡോയ്‌ലിക്ക്.

മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. ഈ മൂന്ന് പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. സ്വാഭാവിക പ്രസവം ആഗ്രഹിച്ചാണ് യുവതി ആശുപത്രിയിൽ എത്തിയത്. എന്നാൽ പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ ഗർഭപാത്രം തകരാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ സിസേറിയൻ വേണമെന്ന് നിർബന്ധിച്ചു. എന്നാൽ ഈ അപകടസാധ്യത വെറും 2 ശതമാനത്തിൽ താഴെ മാത്രമാണെന്ന് മനസ്സിലാക്കിയ ചെറിസ് സ്വാഭാവിക പ്രസവത്തിന് ആദ്യം ശ്രമിക്കണമെന്നും പരാജയപ്പെട്ടാൽ മാത്രം ശസ്ത്രക്രിയ മതിയെന്നും നിലപാടെടുക്കുകയായിരുന്നു.

എന്നാൽ രോഗിയുടെ വിസമ്മതം വകവെക്കാതെ ആശുപത്രി അധികൃതർ നിയമപരമായ വഴി തേടുകയാണ് ചെയ്തത്. ചെറിസ് പ്രസവവേദന കൊണ്ട് പുളയുന്നതിനിടെ നഴ്‌സുമാർ ഒരു ടാബ്‌ലെറ്റുമായി അവരുടെ അടുത്തേക്ക് വരികയും ഒരു സൂം മീറ്റിംഗിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ ഒരു കോടതി നടപടിയിലാണ് പങ്കെടുക്കുന്നതെന്ന് ചെറിസ് തിരിച്ചറിയുന്നത് അപ്പോഴാണ്. തന്റെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്താൻ ആശുപത്രിക്ക് അനുമതി നൽകരുതെന്ന് അവർ ആശുപത്രി കിടക്കയിൽ കിടന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടു.

യുവതിക്കും കുഞ്ഞിനും ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ആശുപത്രിക്ക് വേണ്ടി ഹാജരായ ഡോക്ടർമാർ വാദിച്ചത്. തങ്ങൾ അനാവശ്യമായ ശസ്ത്രക്രിയകൾ പ്രോത്സാഹിപ്പിക്കാറില്ലെന്നും എന്നാൽ ഈ സാഹചര്യത്തിൽ ഇടപെടൽ അനിവാര്യമാണെന്നും അവർ കോടതിയെ അറിയിച്ചു. എന്നാൽ തന്റെ ശരീരത്തിന്മേലുള്ള അവകാശം തനിക്കാണെന്നും റിസ്ക് എടുക്കാൻ താൻ തയ്യാറാണെന്നുമായിരുന്നു യുവതിയുടെ മറുവാദം. എന്നാൽ കേസിൽ ജഡ്ജി ആശുപത്രിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും നിർബന്ധിത സിസേറിയന് അനുമതി നൽകുകയും ചെയ്യുകയായിരുന്നു. ഒരു സ്ത്രീ ഗർഭിണിയായിരിക്കുമ്പോൾ അവൾക്ക് സ്വന്തം ചികിത്സാ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഈ സംഭവം വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തനിക്ക് നേരിടേണ്ടി വന്ന ഈ അനുഭവം തന്നെ ഞെട്ടിച്ചുവെന്നും പ്രസവസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കേണ്ട മാനസിക പിന്തുണയ്ക്ക് പകരം ഭീഷണിയും നിയമനടപടികളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ചെറിസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button