Uncategorized

സിപിഐഎം വിമത രാഷ്ട്രീയം പറയാന്‍ പി വി അന്‍വര്‍; ‘റിയല്‍ ലെഫ്റ്റ്’ കൂട്ടായ്മ രൂപീകരിക്കും, 15ന് പ്രഖ്യാപിക്കും

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട പി വി അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടി കേന്ദ്രീകരിക്കുന്നത് സിപിഐഎം വിമത രാഷ്ട്രീയത്തിലായിരിക്കും. സിപിഐഎം വിട്ട വിമത നേതാക്കളെ ചേര്‍ത്തുനിര്‍ത്തി യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന ഒരിടത് പാര്‍ട്ടിയുണ്ടാക്കാനാണ് അന്‍വറിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിപിഐഎം വിട്ട വിവിധ നേതാക്കളെ അന്‍വര്‍ സന്ദര്‍ശിക്കും. പയ്യന്നൂരിലെത്തി വി കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെത്തി ടി കെ ഗോവിന്ദനെയും കാണും. ജി സുധാകരനുമായും എ സുരേഷുമായും സംസാരിച്ചു.
ഇടതുസ്വതന്ത്രനായി മത്സരിച്ച് നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയ പി വി അന്‍വറിന് സിപിഐഎമ്മില്‍ വലിയ ആരാധകരുണ്ടായിരുന്നു. ഇടതുപക്ഷവുമായി ഇടഞ്ഞ് ബന്ധം അവസാനിപ്പിച്ചപ്പോഴും നിരവധി ഇടത് പ്രവര്‍ത്തകര്‍ അന്‍വറിനെ പിന്തുണച്ചിരുന്നു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഇടതുരാഷ്ട്രീയത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയത്തെ നോക്കികാണുന്ന സിപിഐഎം മനസുള്ളവരെ തന്നില്‍ നിന്ന് അകറ്റിയെന്ന തോന്നല്‍ അന്‍വറിനുണ്ട്. അതിനാല്‍ കൂടിയാണ് വീണ്ടും ഇടതുരാഷ്ട്രീയ പരിസരത്തേക്കുള്ള അന്‍വറിന്റെ മടക്കം. സിഎംപിയെ പോലെ ഇടതുസ്വഭാവമുള്ള ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് അന്‍വറിന്റെ ശ്രമം. മെയ് 15ന് പാര്‍ട്ടി പ്രഖ്യാപിക്കും.
അസംതൃപ്തരായ നിരവധി പേര്‍ സിപിഐഎമ്മില്‍ ഉണ്ടെന്ന് അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ പുറത്ത് വരും. അസംതൃപ്തരുമായി സംസാരിച്ചു. ഇനിയും സംസാരിക്കും. യുഡിഎഫുമായി ചേര്‍ന്ന് പോകുന്ന ഒരു കൂട്ടായ്മക്കാണ് ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button