Uncategorized

മുസ്‌ലിം-ക്രിസ്ത്യന്‍ വോട്ടുകളില്‍ UDFന് മുന്‍തൂക്കം, ഈഴവ വോട്ടുകളില്‍ LDF; Today’s Chanakya എക്‌സിറ്റ് പോള്‍

കൊച്ചി: മുസ്‌ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചുവെന്ന സൂചനയുമായി ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വേ. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് 62 ശതമാനം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നാണ് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വേ പറയുന്നത്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് എല്‍ഡിഎഫിന് അനുകൂലമായി 33 ശതമാനവും ബിജെപിക്ക് അനുകൂലമായി നാല് ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായും ടുഡേയ്‌സ് ചാണക്യ പറയുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 53 ശതമാനം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടതായും ടുഡേയ്‌സ് ചാണക്യ പറയുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് എല്‍ഡിഎഫിന് 34 ശതമാനവും ബിജെപിക്ക് 11 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായും ടുഡേയ്‌സ് ചാണക്യ ചൂണ്ടിക്കാട്ടുന്നു.

ഈഴവ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത് എല്‍ഡിഎഫാണെന്നും ടുഡേയ്‌സ് ചാണക്യ പറയുന്നു. ഈഴവ വിഭാഗത്തില്‍ നിന്ന് എല്‍ഡിഎഫ് 47 ശതമാനവും ബിജെപി 32 ശതമാനവും യുഡിഎഫ് 20 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തുവെന്നും ടുഡേയ്‌സ് ചാണക്യ പറയുന്നു. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തതും എല്‍ഡിഎഫാണ്. എല്‍ഡിഎഫ് 49 ശതമാനവും യുഡിഎഫ് 31 ശതമാനവും ബിജെപി 18 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തു. നായര്‍ വിഭാഗത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തത് ബിജെപിയാണ്. 39 ശതമാനം വോട്ടുകളാണ് നായര്‍ വിഭാഗത്തില്‍ നിന്ന് ബിജെപി പോള്‍ ചെയ്തത്. നായര്‍ വിഭാഗത്തില്‍ നിന്ന് യുഡിഎഫ് 32 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ എല്‍ഡിഎഫ് പോള്‍ ചെയ്തത് 28 ശതമാനം വോട്ടുകള്‍ മാത്രമാണെന്നും ടുഡേയ്‌സ് ചാണക്യ വ്യക്തമാക്കുന്നു.

എല്‍ഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നേര്‍ക്കുനേര്‍ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരുന്നത്. 78.27 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിങ് ശതമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button