Uncategorized

ബൈക്ക് അപകടകരമായി ഓവർടേക്ക് ചെയ്തു, വെട്ടിത്തിരിച്ച പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച; കരുനാഗപ്പള്ളിയിൽ വൻ ദുരന്തം ഒഴിവായി

കൊല്ലം: കരുനാഗപ്പള്ളിയയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച. കന്നേറ്റി പാലത്തിന് സമീപം കരോട്ട് ജംഗ്ഷനിലാണ് പാചകവാതക ടാങ്കർ മറിഞ്ഞത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 12:40 ഓടെയായിരുന്നു അപകടം. പാരിപ്പള്ളി പ്ലാന്‍റിൽ നിന്നും കൊച്ചി ഉദയംപേരൂരിലേക്ക് പോവുകയായിരുന്ന എൽ.പി.ജി ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തപ്പോഴാണ് ടാങ്കർ വെട്ടിത്തിരിച്ചതോടെ അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട് ടാങ്കർ റോഡിൻ്റെ വശത്തേക്ക് ചരിയുകയായിരുന്നു. ഇതോടെ ടാങ്കറിൽ നിന്ന് വാതകം ചോർന്നു തുടങ്ങി. അപകടത്തിൽപ്പെട്ട വാഹനത്തിൽ അവശ്യം വേണ്ട സുരക്ഷാ ഉപകരണങ്ങളോ സ്പെയർ പാർട്സുകളോ ഉണ്ടായിരുന്നില്ല. പിന്നാലെ വന്ന മറ്റൊരു ടാങ്കറിൽ നിന്നും സ്പെയർ ഗേജ് (Spare gauge) ടാങ്കറിൽ ഫിറ്റ് ചെയ്ത് ചോർച്ചഅടച്ചു. ഫയർഫോഴ്സ് നിരന്തരമായി വെള്ളം സ്പ്രേ ചെയ്ത് അപകടാവസ്ഥ ഇല്ലാതാക്കിയ ശേഷമാണ് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റിയത്. കരുനാഗപ്പളളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജി. സുനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button