Uncategorized

സംഘർഷം ഒഴിയാതെ ഹോർമുസ്; എണ്ണവില വീണ്ടും വർധിച്ചു

ഹോർമുസിൽ യുഎസ് തുടരുന്ന നാവിക ഉപരോധത്തിൽ തട്ടി വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും വർധിച്ചു. ബ്രെന്റ് ക്രൂഡ് 1.28 ശതമാനം വർധിച്ച് ബാരലിന് 109.6 ഡോളർ എന്ന നിലയിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് 1.27 ശതമാനം വർധിച്ച് ബാരലിന് 97.59 ഡോളർ എന്ന നിലയിലാണ്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സംഘർഷ സാഹചര്യത്തിന് അയവുവരാത്തതാണ് എണ്ണവിലയിലെ കുതിപ്പിന് പിന്നിൽ. ഹോർമുസിൽ ഉപരോധം തുടരുന്ന യുഎസ് നാവികസേന ഇറാൻ്റെ ഒരു എണ്ണക്കപ്പൽ കൂടി തടഞ്ഞു. ഇറാൻ തുറമുഖം ലക്ഷ്യമിട്ട് നീങ്ങിയ കപ്പലാണ് തടഞ്ഞതെന്ന് യുഎസ് നാവികസേനാ സെൻട്രൽ കമാൻഡ് അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ തുടക്കത്തിൽ ബാരലിന് 65 ഡോളറായിരുന്ന എണ്ണവില യുദ്ധം രൂക്ഷമായ സമയത്ത് 115 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് ഇറാനും യുഎസും വെടിനിർത്തലിലെത്തുകയും ഹോർമുസ് തുറക്കുകയും ചെയ്‌തതോടെയാണ് വിലയിടിഞ്ഞത്. എന്നാൽ, ഹോർമുസിൽ നാവിക ഉപരോധം തുടരാനുള്ള ട്രംപിന്റെ തീരുമാനം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. പിന്നാലെ ഇറാൻ ഹോർമുസ് അടക്കുകയും ചെയ്തു.
അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിയാലോചന തുടരുകയാണ്. ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ട്രംപ് പ്രതികരണം നടത്തിയിട്ടില്ല. ആണവപദ്ധതി സംബന്ധിച്ച് നിർദേശത്തിൽ ഒന്നും പറയാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉപരോധം പിൻവലിച്ചാൽ ഹോർമുസ് ഉടൻ തുറക്കാമെന്നും ആണവ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഇറാൻ്റെ പുതിയ നിർദേശം.പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് വാണിജ്യാവശ്യങ്ങൾക്കായി തുറന്നുകൊടുക്കാൻ സന്നദ്ധരാണെന്നാണ് ഇറാൻ അമേരിക്കയെ അറിയിച്ചത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് മതിയെന്നും പാകിസ്‌താന്റെ മധ്യസ്ഥതയിൽ ഇറാൻ അമേരിക്കയെ അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടുകയോ എന്നന്നേക്കുമായി നിലനിർത്തുകയോ ചെയ്യണം. ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷം മാത്രം ആണവശേഖരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാമെന്നും ഇറാൻ അമേരിക്കയെ അറിയിച്ചതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button