Uncategorized

ആ ഹൃദയമിടിപ്പ് നിലച്ചു… 10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു

തൃശൂർ: 10 വർഷം മുമ്പ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ നടത്തിയത് മാത്യു അച്ചാടനിലാണ്. തൃശൂർ ചാലക്കുടിക്ക് അടുത്ത് പരിയാരം സ്വദേശിയാണ്.

2015 ജൂലൈ 24നാണ് കേരളത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. അന്ന് നാവികസേന ഹെലികോപ്റ്ററിലായിരുന്നു ഹൃദയം എത്തിച്ചത്. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന മാത്യു അച്ചാടൻ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു ചികിത്സ തേടിയത്. പിന്നീട് ഗുരുതരമായ, ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമാണെന്ന് കണ്ടെത്തിയതോടെയാണ് ഹൃദയം മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടെന്ന് ഡോക്ടർമാർ വിധി എഴുതിയത്.

എറണാകുളം ലിസി ആശുപത്രിയിൽ വച്ച് ഡോ. ജോസ് ചാക്കോ പെരിയപുറത്തിൻ്റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ നടന്നത്. അന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശർമയുടെ ഹൃദയമാണ് മാത്യു അച്ചാടൻ്റെ ശരീരത്തിൽ വച്ചത്.

പുതിയ ഹൃദയം മാത്യു അച്ചാടൻ്റെ ശരീരത്തിൽ സ്പന്ദിച്ച് തുടങ്ങിയത് കേരളത്തിൻ്റെ ആരോഗ്യചരിത്രത്തിലെ പുതിയൊരു അധ്യായമായിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതെയായിരുന്നു അദ്ദേഹം പിന്നീടിങ്ങോട്ട് ഇക്കാലമത്രയും ജീവിച്ചത്. ആരോഗ്യ സംവിധാനത്തിൻ്റെ പുരോഗതി എടുത്തുകാണിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button