Uncategorized

മുഖ്യമന്ത്രി ചർച്ചകൾക്ക് പൂട്ടിടാൻ കെപിസിസി; പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നടപടിയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിടാന്‍ കെപിസിസി. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കി. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അധ്യക്ഷൻ നൽകി.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെപിസിസി നിലപാട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി അധ്യക്ഷന്‍ അറിയിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് വലിയ രീതിയിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തേക്ക് കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞുകൊണ്ടാണ് പോര് കടുക്കുന്നത്. മൂന്നുപേരെയും പിന്തുണയ്ക്കുന്നവർ സോഷ്യൽ മീഡിയയിലും പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

മുഖ്യമന്ത്രി ചർച്ചയ്ക്കിടെ മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനു അഡ്മിന്‍ ആയ ഗ്രൂപ്പിലാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നത്. ഇതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയൊഴിയാന്‍ ഹൈബി ഈഡന്‍ എംപി സന്നദ്ധത അറിയിച്ചിരുന്നു.മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കിയത് വിമല ബിനുവാണെന്നാണ് ആരോപണം. കെ സുധാകരനെ അധിക്ഷേപിക്കുന്ന വിമല ബിനുവിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. ‘ഇലക്ഷന്‍ 2026 വിഡിഎസ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളായിരുന്നു പുറത്തുവന്നത്. വിമല ബിനുവായിരുന്നു ഇതിന്റെ അഡ്മിന്‍.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെപിസിസി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെപിസിസി നല്‍കിയ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button