ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ഗൺമാന്റെ പരാതി പൊളിയുന്നു, കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാൻറെ പരാതി ഇതോടെ പൊളിയുകയാണ്. കേസിൽ കെഎസ്യുക്കാരായ അഞ്ച് പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലിൽ അടച്ചത്. പ്രമാദമായ കേസിൽ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നൽകാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നൽകിയത്.
അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വർധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നിൽക്കണ്ടത് ഉന്തും തള്ളും ബഹളവുമാണ്. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാർത്ത തീ പോലെ പടർന്നു. മുഖ്യമന്ത്രി ഉൾപ്പടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയർന്നു. രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി.പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്യുക്കാരെ ടൊൺ പൊലീസ് റെയിൽവെ പൊലീസിന് കൈമറി. രാത്രി എഫ്ഐആർ ഇട്ടു. പുലർച്ചെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാഴ്ച കഴിയുമ്പോളാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
ജില്ലാ ആശുപത്രിയിലെ വൂണ്ട്
സർട്ടിഫിക്കറ്റിൽ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല. സുരക്ഷ ഒരുക്കാൻ എത്തിയ ടൗൺ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും വധശ്രമമില്ല. അപ്പോഴും കഴുത്തിലെ കശേരുക്കളിൽ വേദനയുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിൻ പരിയാരം ആശുപത്രിയിൽ നിന്ന് അപ്പോഴും കഴുത്തിലെ കശേരുക്കളിൽ വേദനയുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിൻ പരിയാരം ആശുപത്രിയിൽ നിന്ന് മണിക്കൂറുകളുടെ ഇടവേളയിൽ വന്നുകൊണ്ടേയിരുന്നു. അതിന്റെ പിറ്റേന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സ്വന്തം കാറിൽ മന്ത്രി നാട്ടിലേക്ക് തിരിച്ചു. മൊഴിയെടുക്കാൻ അന്വേഷണ സംഘം പലകുറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കേസ് രണ്ടുമാസം പൂർത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നൽകിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തിൽ ആ വകുപ്പ് ഒഴിവാക്കിയാവും റെയിൽവെ പൊലീസ് കോടതിൽ കുറ്റപത്രം സമർപ്പിക്കുക.




