Uncategorized

പത്തുവയസ്സുകാരനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച അമ്മയ്ക്ക് ഗുരുതര പരുക്ക്

സേലം അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി അജ്‌ഞാതൻ പത്തുവയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ടാണു സംഭവം. ലഹരിക്കടിമയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. കാരണം കൂടാതെയാണ് ആക്രമണമെന്നും നാട്ടുകാർ പറയുന്നു.
ശരീരമാസകലം കുത്തേറ്റ യൂഷ്കന്ദ് സംഭവ സ്‌ഥലത്തു തന്നെ മരിച്ചു. അമ്മ സത്യ (45) ഗുരുതര പരുക്കുകളോടെ സേലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. താരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം മേട്ടൂരിൽ ലഹരി ഉപയോഗിച്ച് എത്തിയ നാലു യുവാക്കൾ ചായക്കടയിൽ വാക്കേറ്റമുണ്ടാക്കുകയും ചായക്കടയിലെ ജീവനക്കാരനെ ചില്ലു ഗ്ലാസുകൊണ്ടു കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
പുകവലിക്കുകയായിരുന്ന സംഘം ചായ എടുക്കുന്നതിനിടെ തൊഴിലാളിയുടെ മുഖത്തേക്കു പുക പറത്തുകയായിരുന്നു. ഇതു ചോദ്യംചെയ്തതിന്റെ പ്രകോപനത്തിൽ ചായ കുടിച്ച ശേഷം ഗ്ലാസ് പൊട്ടിച്ചു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സേലം മേഖലയിൽ ലഹരിക്കടിമയായ യുവാക്കളുടെ അതിക്രമങ്ങൾ വ്യാപകമാണെന്നും പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ട‌ർക്കും നിവേദനം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button