Uncategorized

റിയൽ കേരള സ്റ്റോറി; ഷാർജയിൽ മരിച്ച മലയാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ വേണ്ടത് 75 ലക്ഷം രൂപ; കുടുംബത്തിന് രക്ഷകനായി പാണക്കാട് സാദിഖലി തങ്ങൾ

കാഞ്ഞങ്ങാട്: ഷാർജയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആശുപത്രി ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായ കുടുംബത്തിനായി സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലാണ് ആശ്വാസമായത്. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറായ സീമയാണ് ബന്ധുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സാദിഖലി തങ്ങൾ സഹായിച്ച വിവരം ഫോസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

സീമയുടെ സഹോദരീ ഭർത്താവിന്‍റെ ബന്ധു കാഞ്ഞങ്ങാട് അത്തിക്കോത്ത്‌ താമസിക്കുന്ന വേണുഗോപാൽ ആണ് ഷാർജയിൽ മരണപ്പെട്ടത്. മാർച്ച്‌ 17 മുതൽ ഇദ്ദേഹം ഷാർജയിൽ പ്രശസ്തമായ ബുർജ്ജ് ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയിൽ ആയിരുന്നു. അന്ന് മുതൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംഎൽഎ രാജഗോപാൽ മുഖ്യമന്ത്രിയെ കോൺടാക്ട് ചെയ്തെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. എന്നാൽ ഏതാനും ദിവസം മുമ്പ് അദ്ദേഹം മരണപ്പെട്ടു. ഇൻഷുറൻസ് കവറേജ് ഇല്ലാത്തത്തിനാൽ മൂന്ന് ലക്ഷം ദർഹം (ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ) ആയിരുന്നു ആശുപത്രി ബിൽ. തുക അടച്ചു മൃതദേഹം ഏറ്റെടുക്കാൻ അദ്ദേഹത്തിന്‍റെ ബന്ധുക്കൾക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതരെ കാര്യമറിയിച്ചപ്പോൾ രണ്ടു ലക്ഷത്തി പതിനേഴായിരം (217000) ദിർഹമാക്കി കുറച്ചു തന്നുവെങ്കിലും അതും അടക്കാൻ കുടുംബത്തിന് നിർവാഹമില്ലായിരുന്നു.

തുടർന്ന് കുടുംബം തൃക്കരിപ്പൂരിലെ സ്ഥാനാർഥിയായ ശ്രീ സന്ദീപ് വാര്യരെ ബന്ധപ്പെട്ടു. അദ്ദേഹമാണ് കെഎംസിസി യെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത്. തുടർന്ന് കെഎംസിസി നേതാക്കളുമായും മുസ്‌ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി,എ കെ എം അഷ്‌റഫ്‌ (എം എൽ എ),അബു മഹിനബാദ്,ബഷീർ വെള്ളിക്കൊത്ത്,കെ കെ ബദറുദ്ദീൻ,എം പി ജാഫർ, റമീസ് എന്നിവരുമായും മറ്റും ബന്ധപ്പെട്ടു. സാദിഖലി തങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവർ തങ്ങളെ കാണാൻ കുടുംബത്തിന് അവസരമുണ്ടാക്കി കൊടുത്തു. സ്വന്തം നിലയിൽ തങ്ങളുമായും കെഎംസിസി നേതാവ് നിസാർ തളങ്കരയുൾപ്പെടെയുള്ളവരുമായും ബന്ധപ്പെടുകയും ചെയ്തു.

മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കൾ സൗകര്യം ഏർപ്പെടുത്തിയത് അനുസരിച്ച് കുടുംബാംഗമായ ആനന്ദ് , സുഹൃത്തുക്കളായ ധനേഷ് ഉണ്ണി പെരിയ, അനുരാജ് ആയക്കടവ് എന്നിവർ തങ്ങളെ നേരിട്ട് കാണുകയും ചെയ്തു. തങ്ങൾ ആശുപത്രി ഉടമയായ ഡോ. ഷംസീർ വയലിലുമായും അപ്പോൾ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന രാജ്യസഭ മെമ്പർ ഹാരീസ് ബീരാനുമായും ബന്ധപ്പെട്ട് കുടുംബത്തിന്‍റെ പ്രയാസം ബോധ്യപ്പെടുത്തുകയും ഷംസീർ വയലിൽ ഉടനെ തന്നെ 2,17000 ദിർഹം ആയിരുന്ന ഹോസ്പിറ്റൽ ബില്ല് 40000 ദിർഹം മാത്രം അടച്ചു മൃതദേഹം വിട്ടു തരാൻ തയാറാവുകയും ചെയ്തു. ഹോസ്പിറ്റൽ ബിൽ അടക്കാനുള്ള പണം സ്വരൂപിക്കാൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ, തണൽ,പ്രവാസി സംഘടനകൾ, വെൽഫയർ അസോസിയേഷനുകൾ എന്നിങ്ങനെ 13ഓളം സംഘടനകൾ മുന്നിട്ടിറങ്ങി. കൂടാതെ തങ്ങൾ കെഎംസിസി നേതാവ് നിസാർ തളങ്കരക്ക് നിർദ്ദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനും തീരുമാനമായി.

മനുഷ്യത്വം കാണാൻ കഴിയുന്നത് ഇവിടെയാണെന്ന് സീമയുടെ കുറിപ്പിൽ പറയുന്നു. ജാതിയുടെയും മതത്തിന്‍റെയും പേരിൽ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ജനതയ്ക്ക് തങ്ങളുടെയും, തങ്ങൾ പറഞ്ഞപ്പോൾ അരക്കോടിയോളം രൂപ ഇളവ് ചെയ്യാൻ തയാറായ ഷംസീർ വയലിലിന്‍റെയും മനുഷ്യത്വപൂർണ്ണമായ ഇടപെടൽ നമ്മിൽ ചിലർ സ്വാർത്ഥതക്ക് വേണ്ടി കെട്ടിയുയർത്തുന്ന ജാതി മത രാഷ്ട്രീയ സങ്കുചിതത്വത്തിന്‍റെ മതിലുകളെ ഭേദിക്കാനും വിതക്കുന്ന വിദ്വേഷത്തിന്‍റെ കനലുകൾ ഊതിക്കെടുത്താനും പര്യാപ്തമാണെന്നും സീമ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button