Uncategorized

രണ്ട് ദിവസമായി കണ്ടില്ല, കൂട്ടുകാർ ജിപിഎസ് പിന്തുടർന്നെത്തിയപ്പോൾ മലയാളി ഡ്രൈവർ വാഹനത്തിൽ മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ സുലൈയിൽ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് സ്വദേശി ആക്കപ്പറമ്പിൽ ഷാജഹാൻ ഖുറൈശി (44) ആണ് മരിച്ചത്. ശനിയാഴ്ച അദ്ദേഹം ജോലി ചെയ്തിരുന്ന ഡൈന വാഹനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഷാജഹാനെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വാഹനത്തിലെ ജിപിഎസ് (GPS) പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തി വാഹനത്തിന്റെ ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്ന വാതിൽ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ (ശുമേസി) മോർച്ചറിയിലേക്ക് മാറ്റി.

മരണത്തിൽ ദുരൂഹതയുണ്ടെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ ചില ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ല. ഇത് ഒരു സ്വാഭാവിക മരണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്വാഭാവിക മരണമായിരുന്നിട്ടും കൃത്യമായ പോസ്റ്റ്മോർട്ടം നടപടികളിലൂടെ അന്വേഷണം പൂർത്തിയാക്കി മൃതദേഹം വേഗത്തിൽ വിട്ടുകൊടുക്കാൻ സഹായിച്ച സൗദി അന്വേഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിഭാഗം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മുഹമ്മദാലി ആക്കപ്പറമ്പിൽ-കദീജ ദമ്പതികളുടെ മകനാണ് ഷാജഹാൻ. ഫസീല കാട്ടുങ്ങൽ ആണ് ഭാര്യ. മക്കൾ: ഷമീം, ഷഹീൻ, ഫാത്തിമ സന. സഹോദരങ്ങൾ: ബഷീർ, ശിഹാബ്. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഷബീർ കളത്തിൽ, സദ്‌വ പ്രതിനിധികളായ ഷംസുദ്ദീൻ, ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. മയ്യിത്ത് നമസ്കാരം അൽ രാജ്ഹി പള്ളിയിൽ നടന്നു. ഖബറടക്കം ഇന്ന് (ബുധൻ) നസീം മഖ്ബറയിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button