തിളക്കം കുറഞ്ഞ് സ്വർണം; ഇന്നും വിലയിടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ വൈകീട്ട് ഉയർന്ന വിലയാണ് രാവിലെ വീണ്ടും ഇടിഞ്ഞത്. 130 രൂപയുടെ കുറവാണ് ഗ്രാമിന് ഇന്നുണ്ടായത്. 14,020 രൂപയായാണ് വില കുറഞ്ഞത്. പവന് 1040 രൂപയുടെ കുറവുണ്ടായി. 1,12,160 രൂപയാണ് പവന്റെ ഇന്നത്തെ വിപണിവില. ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിൽ വിനിമയ നിരക്കിൽ ഉൾപ്പടെയുണ്ടായ മാറ്റം ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുകയായിരുന്നുവെന്നാണ് വിദഗ്‌ധരുടെ നിഗമനം.
അന്താരാഷ്ട്ര വിപണിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സ്വർണത്തിന്റെ നഷ്‌ടം. ഔൺസിന് 4,673.94 ഡോളറിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഇന്നും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചാൽ ആഗോള വിപണിയിൽ ഈയാഴ്ച സ്വർണത്തിന് നഷ്ടക്കണക്കാവും പറയാനുണ്ടാവുക. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യവും അതേതുടർന്ന് എണ്ണവിലയിലുണ്ടാവുന്ന വർധനവും തന്നെയാണ് സ്വർണത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.
എണ്ണവില ഉയർന്നതോടെ പല രാജ്യങ്ങളിലും പണപ്പെരുപ്പം ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ യു.എസിൻ്റെ ഫെഡറൽ റിസർവ് ഉൾപ്പടെയുള്ള കേന്ദ്രബാങ്കുകൾ പലിശനിരക്ക് കുറക്കാൻ സാധ്യതയില്ല. ഇത് ബോണ്ട് നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഇതാണ് സ്വർണത്തിന് തിരിച്ചടിയേൽക്കാനുള്ള പ്രധാനകാരണം. നിലവിൽ 105 ഡോളറിലാണ് ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിൻ്റെ വ്യാപാരം നടത്തുന്നത്.
ഈ സ്ഥിതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ആഗോള വിപണിയിൽ എണ്ണവില വൈകാതെ 120 ഡോളർ തൊടുമെന്നാണ് പ്രവചനം. എണ്ണവില സാമ്പത്തിക വിദഗ്‌ധർ പ്രവചിക്കുന്ന രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അത് സ്വർണത്തെ കൂടുതൽ സമ്മർദത്തിലാക്കും. പക്ഷേ, മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും രൂക്ഷമാവുകയാണെങ്കിൽ സുരക്ഷിതനിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്.




