Uncategorized

കൊടും ചൂട്… സംസ്ഥാനത്ത് അങ്കണവാടി, പ്രീ സ്‌കൂൾ കുട്ടികള്‍ക്ക് ഒരാഴ്ച അവധി; കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊല്ലം: കനത്ത ചൂട് തുടരുന്ന സാ​ഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചു. ചൂട് വ‍ർധിച്ച സാഹചര്യത്തിലാണ് വനിത ശിശുവികസന വകുപ്പിൻ്റെ തീരുമാനം. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെൻ്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും

ചൂട് തുടരുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (24/04/2026 വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.

വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് പ്രവചനം. സാധാരണ താപനിലയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്ത് 40 ഡിഗ്രി, തൃശൂരിൽ 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കും. ഒൻപത് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിക്കുന്നു.
രാവിലെ 11 മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുടയും തൊപ്പിയും കരുതണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മറ്റൊരു പ്രധാന മുന്നറിയിപ്പ് പാമ്പ് കടിയേൽക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചാണ്. ചൂട് കൂടിയതോടെ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങി വീടുകളിൽ അഭയം പ്രാപിക്കാൻ സാധ്യതയുണ്ട്. വനമേഖലകളിലും മാർക്കറ്റുകളിലും തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ അഗ്നിരക്ഷാ സേനയും ജാഗ്രതയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button