Uncategorized

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും സുഹൃത്തും പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും വൻ എംഡിഎംഎ വേട്ട. പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപത്ത് നിന്നാണ് ഇത്തവണ എംഡിഎംഎ പിടിച്ചെടുത്തത്. പിടിയിലായവരിൽ ഒരാൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫാത്തിമ നസ്രീനാണ്. മൂന്ന് കിലോ എംഡിഎംഎയുമായി കാറിൽ യാത്ര ചെയ്യുകയായിരുന്നു ഫാത്തിമയും സുഹൃത്ത് ഷഫീഖും. മൂന്ന് കോടി രൂപ വിലവരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കോടതി രണ്ടു പേരെയും റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് എംഡിഎംഎയുമായി രണ്ടംഗസംഘം പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഫീഖ്, സുഹൃത്തും അടിവാരം സ്വദേശിയുമായ ഫാത്തിമ നസ്റീൻ എന്നിവരെ കോഴിക്കോട് എക്സൈസ് ടീമാണ് വലയിലാക്കിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കാറിൻ്റെ ബോണറ്റിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു എംഡിഎംഎ. മൂന്ന് കിലോയിലധികം വരുന്ന എംഡിഎംഎക്ക് മൂന്ന് കോടി രൂപയിലധികം വിലവരും. എംഡിഎംഎ രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്നതാണെന്ന പ്രാഥമിക വിവരമാണ് എക്സൈസിന് മുന്നിലുള്ളത്. എക്സൈസിന്റെ പിടിയിലായ ഷഫീഖ് നേരത്തെയും ലഹരിയുമായി പിടിക്കപ്പെട്ടിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ വിൽപനക്കെത്തിച്ചതാണ് മൂന്ന് കിലോയിലധികം വരുന്ന എംഡിഎംഎ.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഷഫീഖിനൊപ്പം പിടിയിലായ ഫാത്തിമ നസ്രിൻ. മൂന്ന് കിലോ എംഡിഎംഎ കോഴിക്കോട് എത്തിയതിനു പിന്നിൽ മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടോ എന്ന് എക്സൈസിന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button