Uncategorized

രോഗത്തെക്കാൾ ഗുരുതരം; കാലതാമസത്തിൽ കുടുങ്ങി സിജിഎച്ച്എസ് ഫയലുകൾ, വലഞ്ഞ് രോഗികൾ

ഡൽഹി: കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീം ആയ സിജിഎച്ച്എസിനെ ആശ്രയിക്കുന്ന വൃദ്ധരും ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളും നേരിടുന്നത് കടുത്ത ബുദ്ധിമുട്ട്. രോഗത്തിൻ്റെ ബുദ്ധിമുട്ടുകളിലുപരി അവരെ വലയ്ക്കുന്നത് ചികിത്സക്ക് അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ്. കാൻസർ, ഹൃദയസ്തംഭനം, വൃക്കരോഗം തുടങ്ങിയ നിരവധി ഗുരുതര രോഗങ്ങളാൽ വലയുന്ന രോഗികളാണ് ഇത്തരത്തിൽ കഷ്ടപ്പെടുന്നത്.

ജീവൻ രക്ഷാ നടപടികളും, മരുന്നുകളും അനുമതി ലഭിക്കാതെ കുടുങ്ങി കിടക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി പ്രകാശ് നദ്ദയ്ക്കും രോഗികൾ നിവേദനം അയച്ചിട്ടുണ്ട്. 45 മുതൽ 120 ദിവസം വരെയാണ് ഇത്തരത്തിൽ രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നത്. ഈ കാലതാമസം ഗുരുതര രോഗങ്ങളുമായെത്തുന്ന രോഗികൾക്ക് പലപ്പോഴും നിർണായകമായേക്കാം.

നിലവിൽ ഈ സംവിധാനമനുസരിച്ച്, ഒരു സർക്കാർ സ്പെഷ്യലിസ്റ്റ് അടിയന്തര ചികിത്സ നിർദേശിച്ചാലും ഉയർന്ന ചെലവു വരുന്നതോ ലിസ്റ്റ് ചെയ്യപ്പെടാത്തതോ ആയ ചികിത്സകൾ ഉൾപ്പെടുന്ന കേസുകൾ ഡൽഹിയിലെ ഒരു കേന്ദ്ര സ്റ്റാൻഡിംഗ് ടെക്നിക്കൽ കമ്മിറ്റി (എസ്ടിസി) അനുമതി നൽകണം. ഈ പ്രക്രിയ ഒന്നിലധികം ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ ഇതിന് കാലതാമസം നേരിടുന്നു.
ഇത്തരത്തിൽ അനുമതി കാത്തിരിക്കുന്നവരിൽ കൂടുതലും മുതിർന്ന പൗരന്മാരാണ്. നിർണായക ചികിത്സാ അവസരങ്ങൾ നഷ്ടപ്പെട്ട കേസുകൾ പലതും രേഖപ്പെടുത്തിയിട്ടുള്ളതായും സിജിഎച്ച്എസ് ബെനിഫിഷ്യറീസ് വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ടി.കെ ദാമോദരൻ പറഞ്ഞു. പലപ്പോഴും അർബുദ രോഗികളെ സംബന്ധിച്ച് ഈ കാലതാമസം രോഗം കൂടുതൽ വഷളാകുന്നതിനും ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർക്ക് ചികിത്സയിൽ കാലതാമസം നേരിടുകയും അതുവഴി മരണങ്ങൾ സംഭവിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ ഇത്രയേറെ പുരോഗമിച്ചിട്ടും രാജ്യത്തുടനീളമുള്ള രോഗികൾക്കുള്ള അനുമതി സംബന്ധിച്ച തീരുമാനങ്ങൾ ഡൽഹി ആസ്ഥാനമായുള്ള ഒരു പാനലാണ് എടുക്കുന്നത്. ആ നിയമചട്ടത്തെ മാറ്റിക്കൊണ്ട് അനുമതി നൽകാനുള്ള അധികാരം കേന്ദ്രത്തിൽ മാത്രം ഒതുക്കാതെ വിവിധ സംസ്ഥാനങ്ങളിലേക്കോ പ്രാദേശിക കേന്ദ്രങ്ങളിലേക്കോ കൈമാറുകയോ സമയപരിധി നിശ്ചയിക്കുകയോ ചെയ്താൽ മാത്രമേ ഈ പ്രതിസന്ധിയേ മറികടക്കുവാൻ സാധിക്കുകയുള്ളുവെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇതിന് പുറമേ പ്രായമായ രോഗികൾക്ക് ഓട്ടോമാറ്റിക് ക്ലിയറൻസും ജീവൻ രക്ഷിക്കുന്ന പരിചരണത്തിനുള്ള അടിയന്തര വ്യവസ്ഥകളും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button