മുണ്ടത്തിക്കോട് അപകടം; തല ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി, പഴുതടച്ച തെരച്ചില്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടമുണ്ടായ സ്ഥലത്തുനിന്ന് തല ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി. മൂന്ന് കഡാവര്‍ നായകളും എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ രണ്ട് നായകളും നടത്തിയ പരിശോധനയില്‍ 300 കിലോയോളം സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. 200 ലധികം പൊലീസുകാരെ ഉപയോഗിച്ച് മേഖലയില്‍ പഴുതടച്ച തെരച്ചിലാണ് നടത്തുന്നത്.
200 മീറ്റര്‍ അകലെ നിന്ന് ചെവി ഒഴികെയുള്ള തലയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. 10 മൊബൈല്‍ ഫോണുകളും മേഖലയില്‍ നിന്ന് കിട്ടി. സ്ഥലത്ത് നിന്ന് കണ്ടെത്തിയ 300 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ പൊലീസ് മാറ്റി. അപകടം ഉണ്ടായ സ്ഥലത്ത് 37 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതില്‍ നാലുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
14 പേര്‍ മരിച്ച അപകടത്തില്‍ പരിക്കേറ്റ ലൈസന്‍സി സതീഷ് അടക്കം നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പരിശോധന പൂര്‍ത്തിയാക്കിയതിന് പിന്നാലെ മേഖല അടച്ചുകെട്ടി പൊലീസ് നിയന്ത്രണം ഏറ്റെടുത്തു.
അതേസമയം, പാറമേക്കാവിന്റെ വെടിക്കെട്ട് പുരയില്‍ അനുവദിച്ചതിലധികം പടക്കങ്ങളും വെടിമരുന്നും കണ്ടെത്തി. പാലക്കാട് മുതലമടയിലെ പടക്കനിര്‍മാണശാലയുടെ ഉടമയ്‌ക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.
ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയര്‍ന്നു.




