Uncategorized

മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തെ മതരാഷ്ട്രമാക്കുകയെന്ന ആര്‍എസ്എസ് അജണ്ടയെന്ന് എം സ്വരാജ്

കണ്ണൂര്‍: മണ്ഡലപുനര്‍നിര്‍ണയത്തിന് എതിരെ സിപിഐഎം നേതാവ് എം സ്വരാജ്. രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് ബിജെപി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് എം സ്വരാജ് പറഞ്ഞു.

വനിതാസംവരണമാണ് ലക്ഷ്യമെങ്കില്‍ നിലവിലെ മണ്ഡലങ്ങളില്‍ മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന് എം സ്വരാജ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ എംപ്ലോയീസ് യൂണിയന്‍ 29ാം വാര്‍ഷിക സമ്മേളനം താവക്കര കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്വരാജ്.’ജനസംഖ്യാ വര്‍ധനയുടെയും വനിതാസംവരണത്തിന്റെയും മറപിടിച്ച് ബിജെപിക്ക് സ്വാധീനമുള്ള ഹിന്ദി ബെല്‍റ്റില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ സൃഷ്ടിക്കാനാണ് നീക്കം. വിദേശനയത്തിലുണ്ടായ മാറ്റം ഇന്ത്യയെ ഇന്ന് അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റി’, എം സ്വരാജ് പറഞ്ഞു.

വനിതാ സംവരണ ഭേദഗതി ബില്ലിനെ പ്രതിപക്ഷം ലോക്‌സഭയില്‍ പരാജയപ്പെടുത്തിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടത്. ലോക്സഭാംഗങ്ങളില്‍ 489 പേര്‍ വോട്ട് ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.ലോക്സഭയിലെ 537 അംഗങ്ങളില്‍ 360പേര്‍ അനുകൂലമായി വോട്ടു ചെയ്താലാണ് ഭേദഗതി പാസാവുക. ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 അംഗങ്ങളാണുള്ളത്. 67 സീറ്റുകളുടെ കുറവാണ് എന്‍ഡിഎയ്ക്കുള്ളത്. രാജ്യസഭയില്‍ 142-ല്‍ അധികം സീറ്റുള്ള എന്‍ഡിഎയ്ക്ക് 21 സീറ്റുകളുടെ കുറവാണ് ബില്‍ പാസാക്കാനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button