Uncategorized

കാണാതായിട്ട് മൂന്ന് ദിവസം, ബംഗ്ലാദേശിൽ ക്ഷേത്ര ജീവനക്കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ, കൊലപാതകമെന്ന് ആരോപണം

ധാക്ക: കാണാതായിട്ട് മൂന്ന് ദിവസം, ബംഗ്ലാദേശിൽ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിലാണ് മൂന്ന് ദിവസമായി കാണാതായ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദർ ഉപസിലയിലെ കുരുഷ്കുൽ യൂണിയനിലെ പുലിഷോറ ഘോണ നാഗപഞ്ചമി ക്ഷേത്രത്തിലെ ജീവനക്കാരനായ നയൻ ദാസ് (35) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചില അജ്ഞാതർ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതിനെത്തുടർന്നാണ് നയനെ കാണാതായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിന് സമീപത്തെ മലയോര മേഖലയിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

കഴുത്തിൽ മാരകമായ പരിക്കുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നും ക്ഷേത്ര ഭാരവാഹികൾ ആരോപിക്കുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ എന്നാണ് പൊലീസ് വിശദമാക്കുന്നത്. ഈ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ഹിന്ദു മതവിശ്വാസിയുടെ മരണമാണിത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button