Uncategorized

പ്രസവത്തെക്കുറിച്ചുള്ള വിവാദപരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍

കൊച്ചി: പ്രസവത്തെക്കുറിച്ചുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാരുടെ വിവാദ പരാമര്‍ശത്തിനെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍. പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികള്‍ ആണെന്ന വസ്തുതാവിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജപ്രചാരണം നടത്തിയ അഖില്‍ മാരാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

സ്ത്രീകള്‍ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ആശുപത്രികളും രക്ഷിതാക്കളുമാണ് പ്രസവം സങ്കീര്‍ണ്ണമാക്കിയത് എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. അഖിലിന്റെ പരാമര്‍ശത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ രംഗത്തെത്തിയത്. വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്താന്‍ മാര്‍ഗരേഖ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ പ്രതിഭയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

ഒരു കാലത്ത് സ്ത്രീകള്‍ പ്രസവം എന്ന് പറയുന്നത് വളരെ കൂള്‍ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലര്‍ പറയുന്നത് കേള്‍ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്. രക്ഷകര്‍ത്താക്കളെ ഇങ്ങനെ പ്രഷര്‍ കയറ്റുകയാണ്. അതോടുകൂടി ആധി കേറി.പ്രഗ്‌നന്റ് ആയി കഴിഞ്ഞാല്‍ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും’, എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button