റോഡിലെ കുഴിയടയ്ക്കാൻ പോർഷെയുടെ മേലെ സിമന്‍റ് കുഴച്ച് കോടീശ്വരൻ; എല്ലാമോരോ ഗിമ്മിക്കെന്ന് നെറ്റിസൺസ്, വീഡിയോ

ബെംഗളൂരുവിലെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ചുള്ള വീഡിയോകൾ വർഷങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറൽ റീലുകളാണ്. കഴിഞ്ഞ ദിവസം റോഡിലെ ഒരു ചെറിയ കുഴിയടയ്ക്കാൻ സ്വന്തം പോർഷെയുടെ മുകളിൽ സിമന്‍റ് കുഴയ്ക്കുന്ന കോടീശ്വരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വീഡിയോയ്ക്ക് താഴെ പ്രശംസിച്ചും രൂക്ഷമായി വിമർശിച്ചും സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പുകളെഴുതി.
പ്രശ്നപരിഹാരത്തിന് പൗരന്മാർ മുന്നോട്ട് വരണം
ബെംഗളൂരുവിലെ കോടീശ്വരനായ വ്യവസായി അഖിൽ ഹിമാദ്രിയാണ് സ്വന്തം പോർഷെ കാറിന് മുകളിൽ സിമന്‍റ് കുഴച്ച് റോഡിലെ ഒരു ചെറിയ കുഴി അടച്ചത്. ഇതിന്‍റെ വീഡിയോ ചിത്രീകരിച്ച് അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. സാധാരണഗതിയിൽ ഇത്തരം പ്രവർത്തികൾ പ്രശംസയേറ്റുവാങ്ങാറാണ് പതിവ്. എന്നാൽ, അഖിലിന്‍റെ വീഡിയോയ്ക്ക് താഴെ കൂടുതലയാലും വിമർശനങ്ങളാണ് എഴുതപ്പെട്ടത്. വീഡിയോയിൽ തന്‍റെ കാർ ഡ്രൈവറിന്‍റെ സഹായത്തോടെ പോർഷെ കാറിന് മുകളിൽ സിമന്‍റ് കുഴയ്ക്കുന്ന അഖിലിനെ കാണാം. കാറിന്‍റെ ഹുഡിൽ സിമന്‍റും ചെറിയ ജില്ലിയും കൂട്ടി കുഴച്ച് ശേഷം ബിസ്ലറി കുപ്പിയിൽ നിന്നുള്ള വെള്ളം ചേർത്ത് കുഴയ്ക്കുന്നു. പിന്നീട് ഈ മിശ്രിതം തേപ്പ് കത്തി ഉപയോഗിച്ച് കുഴിയിലിട്ട് മൂടുന്നു. സംഗതി ഒരു പരോപകാര പ്രവർത്തിയാണെങ്കിലും സമൂഹ മാധ്യമ ഉപയോക്കാക്കളിൽ ഏറെ പേരും അദ്ദേഹത്തെ വിമർശിച്ച് കൊണ്ട് രംഗത്തെത്തി.




