Uncategorized

അതേ സ്ഥലം, അതേ ലോറി, എട്ട് വാഹനങ്ങൾ; കുറ്റിപ്പുറം ദേശീയപാതയിൽ വീണ്ടും കൂട്ടയിടി

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ റെയിൽവേ മേൽപാലത്തിനു സമീപം ഞായറാഴ്ച എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച അതേ സ്ഥലത്ത് ഇന്ന് വീണ്ടും കൂട്ടയിടി. ഞായറാഴ്ച അപകടമുണ്ടാക്കിയ അതേ ലോറിക്കു പിന്നിലായി ഇന്ന് എട്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഒരു കാറിലെ സ്ത്രീക്കും കുട്ടിക്കും സാരമായി പരിക്കേറ്റു. വൈകീട്ടാണ് സംഭവം.
ഞായറാഴ്ച‌ അപകടമുണ്ടാക്കിയ ചരക്കുലോറി സ്ഥലത്ത് നിന്ന് മാറ്റിയിരുന്നില്ല. വളാഞ്ചേരി ഭാഗത്ത് നിന്നെത്തിയ ഒരു വാഹനം ഈ ലോറിക്കു പിന്നിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഒന്നിനു പുറകെ ഒന്നായി എട്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഇഗ്നിസ് തുടങ്ങിയ കാറുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു. ഇഗ്‌നിസ് കാറിലുണ്ടായിരുന്ന സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് ഇവിടെ ആദ്യ കൂട്ടിയിടിയുണ്ടായത്. മീഡിയനിൽ ഇടിച്ച് നിയന്ത്രണംവിട്ട ചരക്കുലോറി മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലിടിച്ചു. ഇതോടെ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിച്ചു. ബാക്കി വാഹനങ്ങൾ മാറ്റിയപ്പോഴും അപകടമുണ്ടാക്കിയ ലോറി സ്ഥലത്ത് നിന്ന് മാറ്റിയിരുന്നില്ല. ഇതാണ് ഇന്ന് വീണ്ടും അപകടത്തിന് കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button