Uncategorized

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണ സംഖ്യ ഉയരുന്നു; മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു.

തൃശൂര്‍ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലായിരുന്നു സ്‌ഫോടനം നടന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെയാണ് ആദ്യ സ്‌ഫോടന ശബ്ദം കേട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശ് ഉള്‍പ്പെടെയുളളവര്‍ ഉണ്ടെന്നാണ് വിവരം. ആറ് സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നിര്‍ദേശം നല്‍കി.

സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും മാസ് കാഷ്വാലിറ്റി സജ്ജമാക്കി. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സ്ഥിതിഗതികള്‍ വിലയിരുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരാന്‍ തൃശൂര്‍ ഡിഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button