രാജസ്ഥാനിൽ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം

ജയ്പുര്‍: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വന്‍ തീപിടിത്തം. പച്പദ്രയില്‍ നിർമാണം പൂർത്തിയായ സംസ്‌കരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സ്ഥലം സന്ദർശിച്ചു. കുറഞ്ഞത് 30 മുതൽ 35 വരെ അഗ്നിശമന സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്. അന്വേഷണത്തിന് ശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്നും പച്പദ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ അച്ല റാം പറഞ്ഞു. സംഭവത്തിന് ശേഷം റിഫൈനറിയിലെ ഫയർ സേഫ്റ്റി സിസ്റ്റം സജീവമാക്കി. ഫയർ ബ്രിഗേഡ് ടീമുകളും ഹൈഡ്രന്റ് സിസ്റ്റങ്ങളും വിന്യസിച്ചതായും അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നടന്ന സംഭവത്തെ നിർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി – പെട്രോകെമിക്കല്‍ കോപ്ലക്‌സാണ് പച്പദ്രയിലേത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും ( എച്ച് പി സി എല്‍) രാജസ്ഥാന്‍ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണിത്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ഈ റിഫൈനറി ഒരു നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് 2013 സെപ്റ്റംബർ 22 ന് സോണിയ ഗാന്ധിയാണ് റിഫൈനറിയുടെ ശിലാസ്ഥാപനം നടത്തിയത്. പ്രാരംഭ ചെലവ് 37,230 കോടി രൂപയായിരുന്നു. പ്രധാനമന്ത്രി മോദി അധികരാമേറ്റ ശേഷം പദ്ധതി വിഹിതം 43,129 കോടി രൂപയായി പരിഷ്കരിക്കുകയായിരുന്നു.




