Uncategorized

വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌; ‘ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം’

പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌. ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ ഇറങ്ങിയതും അപകടത്തിനു കാരണമായിട്ടുണ്ടാവാം. വളവിൽ വേണ്ട ജാഗ്രത പുലർത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്‍റെ വശങ്ങളിൽ എല്ലായിടത്തും സുരക്ഷ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.ആശുപത്രിയിൽ ആയതിനാൽ ഡ്രൈവറുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുതാലേ കൂടുതൽ വ്യക്തത വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം സംബന്ധിച്ച റിപ്പോർട്ട്‌ പൊള്ളാച്ചി ആർടിഒ തമിഴ്നാട് സർക്കാരിന് കൈമാറി. വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. നാലുപേര്‍ക്കാണ് പരിക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button