Uncategorized

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.
മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.
കെ കെ സുരേഷ് ചെയര്‍മാനും സണ്ണി എം കപിക്കാട് ജനറല്‍ കണ്‍വീനറുമായി വിവിധ ദലിത്-ആദിവാസി സമുദായ-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലാണ് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍. ഏപ്രില്‍ 21 ചൊവാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button