Uncategorized

വാശിക്ക് 5 ലക്ഷം വരെ വിളിച്ചു, 2 ദിവസം കഴി‌ഞ്ഞപ്പോൾ 3000 രൂപയുടെ സാധാരണ നമ്പർ മതിയെന്ന്! അടയ്ക്കാതെ വഴിയില്ല, കടുപ്പിച്ച് കോടതി

കൊച്ചി: ഫാൻസി വാഹന നമ്പർ ലേലങ്ങളിൽ ഉയർന്ന തുക വിളിച്ച ശേഷം പിന്മാറുന്ന പ്രവണതയ്ക്ക് ഇനി കർശന നിയന്ത്രണം. ലേലത്തിൽ ഉറപ്പിച്ച തുക അടയ്ക്കാതെ ഒഴിവാകാൻ ശ്രമിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പണമടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നോട്ടീസ് നേരിട്ട് വീട്ടിലെത്തും. ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്ത ശേഷം തുക അടയ്ക്കാതെ ഒഴിഞ്ഞ് മാറുന്നവരെ നിയന്ത്രിക്കാൻ ഹൈക്കോടതി ഇടപെടലോടെ നടപടികൾ ശക്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ഒരു ആർടി ഓഫിസിൽ നടന്ന ലേലത്തിലാണ് സംഭവം. ഒരു ഫാൻസി നമ്പറിനായി ആറ് പേർ പങ്കെടുത്ത വാശിയേറിയ ലേലത്തിൽ ഒരാൾ അഞ്ച് ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ നമ്പർ വേണ്ടെന്നും പകരം 3000 രൂപയുടെ സാധാരണ നമ്പർ മതിയെന്നുമാണ് ഇയാൾ അധികൃതരെ അറിയിച്ചത്.

ഇതിന് പിന്നാലെ ഹൈക്കോടതിയുടെ നിലപാട് നിർണായകമായി. ലേലത്തിൽ പങ്കെടുത്ത് തുക വിളിച്ചാൽ അത് നിയമപരമായ ബാധ്യതയാണെന്നും, ഉറപ്പിച്ച തുക അടയ്ക്കേണ്ടത് നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി. സിനിമാ താരങ്ങൾ ഉൾപ്പെട്ട ഇഷ്ട നമ്പറുകൾക്കായി ലേലം നടക്കുമ്പോൾ, ചിലർ വാർത്തകളിൽ ഇടം നേടാനായി വലിയ തുക വിളിച്ച് പിന്നീട് പിന്മാറുന്ന പ്രവണത ഉണ്ടായിരുന്നു. ഇതിലൂടെ സർക്കാരിന് വരുമാന നഷ്ടം സംഭവിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.പുതിയ നമ്പർ അനുവദിക്കാമെന്നുണ്ടെങ്കിലും, ലേലത്തിൽ ഉറപ്പിച്ച അഞ്ച് ലക്ഷം രൂപ അടയ്ക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ലേലത്തിൽ കൂടുതൽ തുക വിളിച്ച വ്യക്തി പിന്നീട് ആ നമ്പർ വേണ്ടെന്നുവെച്ചാലും വിളിച്ച തുക അടയ്ക്കേണ്ടത് നിയമ ബാധ്യതയാണ്. വീഴ്ച വരുത്തിയാൽ അത് റവന്യൂ കുടിശ്ശികയായി കണക്കാക്കി ഈടാക്കും. തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതോടെ ‘ഷോ’ക്കായി ലേലത്തിൽ ഇറങ്ങുന്നവർക്ക് കർശന മുന്നറിയിപ്പായി ഈ നടപടി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button