Uncategorized

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. നാളെ മുതല്‍ ചൂടിന് നേരിയ ആശ്വാസമുണ്ടാകും. ഈ മാസം അവസാനത്തോടെ വേനല്‍മഴ ശക്തമായേക്കും.

വടക്കന്‍ കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ നിലനിന്നിരുന്ന എതിര്‍ ചക്രവാതമാണ് ഈ ദിവസങ്ങളില്‍ താപനില ഇത്രയും ഉയരാന്‍ കാരണം.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button