എക്കാലത്തും അധികാരത്തിൽ ഇരിക്കാൻ വനിതകളെ കവചമാക്കി; ലോക്സഭയിൽ കണ്ടത് ജനാധിത്യത്തിന്റെ വിജയം: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ടതില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഇന്നലെ ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്നലെയുണ്ടായത് രാജ്യത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിജയമാണെന്ന് പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുമ്പാണെന്നും എക്കാലവും അധികാരത്തില്‍ ഇരിക്കാനുള്ള പദ്ധതി ആയിരുന്നു ബില്ലെന്നും പ്രിയങ്കാ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘വനിതകളെ അതിന് കവചമാക്കി. ബാക്കി പാര്‍ട്ടികളെ വനിതാ വിരുദ്ധരാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ശ്രമം. പ്രതിപക്ഷം വനിതകള്‍ക്ക് ഒപ്പമാണ്. കറുത്ത ദിനം എന്ന് സര്‍ക്കാര്‍ പറയുന്നു. അവര്‍ക്ക് മാത്രമാണ് അത് കറുത്ത ദിനം. 2023ല്‍ വനിതാ സംവരണത്തെ എല്ലാവരും പിന്തുണച്ചു. സംവരണം ഇപ്പോള്‍ നടപ്പാക്കൂ’, പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ലെന്നും മണ്ഡല പുനര്‍ നിര്‍ണയത്തിന് വേണ്ടിയാണ് കൊണ്ട് വന്നതെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നിലവിലെ രീതിയില്‍ വനിതാ സംവരണം നടപ്പിലാക്കണമെന്നും അപ്പോള്‍ പ്രതിപക്ഷം പിന്തുണയ്ക്കാമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാജ്യം മാറി എന്ന് ബിജെപി മനസ്സിലാക്കൂവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു
‘ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നില്ല. ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതൊന്നും പരിഹരിക്കാന്‍ ശ്രമം ഇല്ല. അമേരിക്കയെ പേടിച്ച് വ്യാപാര കരാര്‍ ഒപ്പിട്ടു. സ്ത്രീകളും സത്യം അറിഞ്ഞു കഴിഞ്ഞു. രാജ്യം ഉണര്‍ന്ന് കഴിഞ്ഞു. ഒബിസി സംവരണം ആവശ്യപ്പെടും. പ്രതിപക്ഷം പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തില്‍ ഇക്കാര്യം ആവശ്യപ്പെടും’, പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ബില്‍ വിജയിച്ചാല്‍ രാജ്യം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുമെന്നും ബില്‍ പരാജയപ്പെട്ടത് ബിജെപിക്ക് ഷോക്കാണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ മുഖത്ത് അത് വ്യക്തമാണെന്നും പ്രധാനമന്ത്രി സ്ത്രീകളുടെ മിശിഹാ ആകാന്‍ ശ്രമിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ടത്. ലോക്സഭാംഗങ്ങളില്‍ 489 പേര് വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.
ലോക്സഭയിലെ 537 അംഗങ്ങളില്‍ 360പേര് അനുകൂലമായി വോട്ടു ചെയ്താലാണ് ഭേദഗതി പാസാവുക. ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 അംഗങ്ങളാണുള്ളത്. 67 സീറ്റുകളുടെ കുറവാണ് എന്‍ഡിഎയ്ക്കുള്ളത്. രാജ്യസഭയില്‍ 142-ല്‍ അധികം സീറ്റുള്ള എന്‍ഡിഎയ്ക്ക് 21 സീറ്റുകളുടെ കുറവാണ് ബില്‍ പാസാക്കാനുള്ളത്.




