കാഴ്ച്ചയില്ലാത്ത ഭർത്താവിനെ സഹായിക്കാൻ ഒപ്പം പോയി; ഒടുവിൽ മരണത്തിലും ആ ദമ്പതികൾ ഒന്നിച്ച്

അവധി ആഘോഷിക്കാനായി പുറപ്പെട്ട ആ യാത്ര അവസാനിച്ചത് ഒരു വലിയ അപകടത്തിൽ ആയിരുന്നു. ആ വേദനയിൽ നിന്നും കര കയറാൻ ആവാതെ തങ്ങളുടെ ഉറ്റവരുടെ ചേതനയറ്റ ശരീരമാണ് അവർക്ക് മുന്നിലുള്ളത്. അപകടത്തിൽ പൊലിഞ്ഞ ഓരോ ജീവന് പിന്നിലും ഓരോ കഥ തന്നെയുണ്ട്. വാൽപാറയിലെ വാഹനാപകടത്തിൽ മരിച്ചവരിൽ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും ഉണ്ടായിരുന്നു. തങ്ങളുടെ പുതിയ വീട്ടിൽ താമസം ആരംഭിച്ച് റമസാനും പെരുന്നാളും ആഘോഷിച്ച ആ കുടുംബത്തിലേക്കാണ് ഈ മരണവാർത്ത എത്തുന്നത്. ഇരുകണ്ണുകൾക്കും കാഴ്ചശക്തിയില്ലാത്ത മജീദ് കുട്ടികളുടെ പ്രിയപ്പെട്ട മാഷായിരുന്നു. അദ്ദേഹത്തിന്റെ അകക്കണ്ണിന്റെ വെളിച്ചം ആണ് അദ്ദേഹം കുട്ടികളിലേക്കും പകർന്ന് നൽകിയിരുന്നത്.
കണ്ണിന് കാഴ്ച്ചയില്ലാഞ്ഞിട്ടും വിനോദയാത്രയ്ക്കു പുറപ്പെട്ടതും അദ്ദേഹവും സഹപ്രവർത്തകരും തന്നിലുള്ള ആ ദൃഢമായ ബന്ധം കാരണം കൂടിയായിരുന്നു. യാത്രയിൽ ഭർത്താവിനു സഹായമാകാൻ ആണ് അദ്ദേഹത്തിന്റെ ഭാര്യ റുഖിയയും ഒപ്പം കൂടിയത്. എന്നാൽ അത് അവരുടെ അവസാനത്തെ യാത്ര ആകുമെന്ന് ആരും കരുതിയിരുന്നില്ല. മരണത്തിലേക്കും ഇരുവരും ഒന്നിച്ചാണ് കൈ പിടിച്ച് നടന്നത്. മീനാർകുഴി ജിഎൽപി സ്കൂളിലായിരുന്നു മജീദിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്നു വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിക്കുകയും പിന്നീട് പാങ്ങ് ജിഎൽപി സ്കൂളിൽ അധ്യാപകനായി എത്തുകയായിരുന്നു അദ്ദേഹം.




