Uncategorized

നിദ ടെലികോളർ ജീവനക്കാരി, എച്ച്ആർ മാനേജരല്ല’: 4 വർഷത്തിനിടെ ആരും പീഡന പരാതി നൽകിയിട്ടില്ലെന്ന് ടിസിഎസ്

മുംബൈ നാസിക് ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാനുള്ള സമിതിയിൽ 2022നും 2026നുമിടയിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്നു ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ട‌റുമായ കെ.കൃതിവാസൻ. എങ്കിലും ആഭ്യന്തര അന്വേഷണം തുടരുകയാണ്. പരാതികൾ മൂടിവയ്ക്കുകയും ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണം നേരിടുന്ന നിദ ഖാൻ എച്ച്ആർ മാനേജരല്ലെന്നും നേതൃത്വപരമായ ഉത്തരവാദിത്തങ്ങളോ റിക്രൂട്മെന്റ് ചുമതലകളോ അ 3ക്ക് നൽകിയിരുന്നില്ലെന്നും ടിസിഎസ്വിശദമാക്കി. നിദ ഖാൻ എച്ച്ആർ വിഭാഗം മാനേജർ അല്ലെന്നും ഫോൺ വഴി മാർക്കറ്റിങ് നടത്തുന്ന ടെലികോളർ ജീവനക്കാരി മാത്രമാണെന്നും കുടുംബാംഗങ്ങളും വെളിപ്പെടുത്തി. നിദ ഒളിവിലല്ലെന്നും ഗർഭിണിയായതിനാൽ മുംബൈയിലുണ്ടെന്നും അവർ അറിയിച്ചു.”എച്ച്ആർ വിഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ജൂനിയർ ജീവനക്കാരിയാണു നിദ. 2021ലാണു ടിസിഎസിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തേ നാസിക്കിൽ ജോലി ചെയ്തിരുന്നെങ്കിലും വിവാഹശേഷം, ജനുവരി മുതൽ മുംബൈ മലാഡിലെ ടിസിഎസ് ഓഫിസിലാണു ജോലി ചെയ്തിരുന്നത്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ലഭിച്ചപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. ഇപ്പോൾ അതോർത്തു ദുഃഖിക്കുകയാണ്. വലിയ പ്രതിസന്ധിയിലൂടെയാണു കുടുംബം കടന്നുപോകുന്നത്’-
കുടുംബാംഗങ്ങൾ അറിയിച്ചു. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്ന നിദ ഭിവണ്ടിയിലുണ്ടെന്നാണു സൂചന. മേഖലയിൽ നാസിക് പൊലീസിന്റെ പ്രത്യേകസംഘം തിരച്ചിൽ നടത്തി. നിദ ഉൾപ്പെടെ 8 പേർക്കെതിരെയാണു കേസെടുത്തിട്ടുള്ളത്. ടീം ലീഡർമാർ ഉൾപ്പെടെ 6 പുരുഷൻമാരും ഓപ്പറേഷൻസ് വിഭാഗത്തിലെ ഒരു സ്ത്രീയും നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റ‌ിലായവർ സംഘം ചേർന്നാണു പ്രവർത്തിച്ചതെന്നാണു വിവരം. അന്വേഷണത്തിന് എൻഐഎയുടെ സഹായം തേടിയിട്ടുണ്ട്.അതേസമയം, പീഡന, മതപരിവർത്തന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും “കോർപറേറ്റ് ജിഹാദി’ന്റെ ഭാഗമാണെന്നു തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ടിസിഎസ് മാനേജ്‌മെന്റ്റ് സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കേസുകൾ ബജ്റങ്ദളിന്റെ തിരക്കഥയാണെന്ന് അറസ്‌റ്റിലായ റാസ മേമന്റെ ബന്ധു റസാഖ് കാസി ആരോപിച്ചു. അതിനിടെ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബജ്റങ്ദൾ പ്രവർത്തകർ നാസിക് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ടിസിഎസിന്റെ നാസിക് പരബ് നഗറിലെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്) ഓഫിസിൽ മറ്റു കമ്പനികളുടെ കസ്‌റ്റമർ സർവീസ്, അക്കൗണ്ടിങ്, ഫിനാൻസ്, ടെലി മാർക്കറ്റിങ് തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button