Uncategorized

ചിരി മായ്ച ദുരന്തയാത്ര… മരിച്ച ഒൻപത് പേരുടെയും പൊതുദർശനം രാവിലെ പാങ്ങ് സ്കൂളിൽ

തമിഴ്നാട്: വാൽപ്പാറ വാഹന ദുരന്തത്തിൻ്റെ നടുക്കത്തിൽ കേരളം. മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. പാങ്ങ് പള്ളിപറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് പൊതുദർശനം നടക്കും. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.

പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ കഴിഞ്ഞ ദിവസം വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ട്രാവലർ ഓടിച്ചിരുന്ന ഫാസിത്ത്, സ്കൂളിലെ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹാദിൻ (11), മസ്നീൻ (10) എന്നിരാണ് ചികിത്സയിലുള്ളത്. നൗഷാദ്, ഫാസിത്ത് എന്നിവർ കോയമ്പത്തൂർ ആശുപത്രിയിലും പതിനൊന്നുകാരി പെരിന്തൽമണ്ണയിലെ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button