Uncategorized

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വഴിത്തിരിവ്; മാപ്പുസാക്ഷിയാകാൻ അനുമതി തേടി ജാക്വിലിൻ ഫെർണാണ്ടസ്

ന്യൂ ഡൽഹി: സുകേഷ് ചന്ദ്രശേഖർ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ഡൽഹി കോടതിയെ സമീപിച്ചു. എൻഫോഴ്സ്‍‌‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കാനാണ് കോടതി നടിയോട് നിർദേശിച്ചിരിക്കുന്നത്.

നടപടിക്രമങ്ങൾ പ്രകാരം, അന്വേഷണ ഏജൻസിക്കാണ് ആദ്യം ഇത്തരം ഒരു അപേക്ഷ നൽകേണ്ടത്. ഈ കേസിൽ ഇഡിയാണ് അന്വേഷണ ഏജൻസി. നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരാകും മാപ്പുസാക്ഷിയാക്കുന്ന കാര്യത്തിൽ കോടതിയിൽ തീരുമാനം അറിയിക്കുക. ജാക്വിലിനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

​നിലവിൽ വിവിധ കേസുകളിലായി ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ, താൻ നടിയുടെ കാമുകനാണെന്ന് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. പലപ്പോഴും ജയിലിൽ നിന്ന് ജാക്വിലിന് സുകേഷ് കത്തുകളും അയച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഒരു വ്യവസായിയാണെന്ന് സുകേഷ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ജാക്വിലിൻ കോടതിയിൽ വാദിക്കുന്നത്.നേരത്തെ, ഇഡി തനിക്കെതിരെ ആരംഭിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി ഈ ഹർജി പരിഗണിക്കാൻ തയ്യാറായില്ല. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ജാക്വിലിൻ സുപ്രീം കോടതിയെ സമീപിച്ചത്.

2015 മേയ് 29നാണ് സാമ്പത്തിക തട്ടിപ്പുകേസിൽ സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിംഗിന്റെ കുടുംബത്തില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇയാളുടെ ഭാര്യയും മലയാള നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് സുകേഷുമായി ജാക്വലിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നത്. എന്നാൽ, തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നടി നിഷേധിച്ചു. സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് നടിയുടെ നിലപാട്.2022 ഓഗസ്റ്റിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജാക്വിലിനെ ഇഡി കൂട്ടുപ്രതിയായി ചേർത്തു. സുകേഷ് ചന്ദ്രശേഖറിന്റെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും, ജാക്വിലിൻ ഏകദേശം ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ തുടങ്ങിയ ആഡംബര സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ് ഇഡി ആരോപിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടി തന്റെ ഫോണിലെ ഡാറ്റ ഡിലീറ്റ് ചെയ്തെന്നും ഇത് സാമ്പത്തിക വിവരങ്ങൾ മറയ്‌ക്കാനാണെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button