കോണ്‍ഗ്രസുകാരനായി തുടരും; പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് നിജേഷ് അരവിന്ദ്

കോഴിക്കോട്: താന്‍ പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന നിജേഷ് അരവിന്ദ്. പാര്‍ട്ടിയില്‍ നിന്നും തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും അസത്യങ്ങള്‍ പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും നിജേഷ് അരവിന്ദ് പറഞ്ഞു. കോണ്‍ഗ്രസുകാരനായി തുടരുമെന്നും തിരുത്തേണ്ടത് തിരുത്തി തന്നെ പോകണം എന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും നിജേഷ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് നിജേഷിന്റെ പ്രതികരണം.
‘സംഘടനാപരമായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ ചില നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കത്തയച്ചിരുന്നു. പരസ്യപ്പെടുത്തേണ്ട വിഷയങ്ങള്‍ അല്ലാതിരുന്നത് കൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് നല്‍കാനോ സാമൂഹ്യമാധ്യമങ്ങളിലൂടെ കത്തിന്റെ ഉളളടക്കം പുറത്തുപറയുകയോ ചെയ്തിരുന്നില്ല. വ്യക്തികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നത് കൊണ്ടുതന്നെ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും എന്നില്‍ നിന്ന് ഉണ്ടാകില്ല. നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും അസത്യവും അര്‍ധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിക്കുന്ന കുടില ബുദ്ധിയെ നമിക്കുന്നു. സ്ഥാനമാനങ്ങളില്‍ അഭിരമിക്കുന്നവര്‍ മാത്രമല്ല പാര്‍ട്ടി എന്ന ഉത്തമ ബോധ്യമുളളത് കൊണ്ടുതന്നെ എന്റെ നിലപാടുകള്‍ ഇനിയും പാര്‍ട്ടിക്ക് അകത്ത് തന്നെ പറയാനും ചര്‍ച്ച ചെയ്യാനും കഴിയുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴുമുളള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍’-നിജേഷ് അരവിന്ദ് പറഞ്ഞു.വഴി തെറ്റിയോ രാഷ്ട്രീയ ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായോ കോണ്‍ഗ്രസുകാരനായി മാറിയതല്ല താനെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുളള ബന്ധം മുറിച്ചുമാറ്റാന്‍ കഴിയാത്തതാണെന്നും നിജേഷ് അരവിന്ദ് പറഞ്ഞു. തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോകണം എന്ന നിലപാടില്‍ മാറ്റമില്ലെന്നും മാറ്റമില്ലാത്ത കോണ്‍ഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണും, മരണംവരെ കോണ്‍ഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും നിജേഷ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ആരോപിച്ചാണ് നിജേഷ് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് കെപിസിസിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. എലത്തൂര്‍ സീറ്റില്‍ നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ പേര് ഉണ്ടായിരുന്നില്ല. ഇതില്‍ അമര്‍ഷമുണ്ടായിരുന്നു. ബാലുശേരിയിലായിരുന്നു നിജേഷിന്റെ പ്രചാരണമേഖല. എന്നാല്‍ അവിടെയും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും പാര്‍ട്ടി നിജേഷിനെ ഏല്‍പ്പിച്ചിരുന്നില്ല. അവസാനഘട്ടം വരെ സജീവമായി നിന്നെങ്കിലും ഒരു ഉത്തരവാദിത്തവും നല്‍കാത്തതില്‍ നിജേഷ് അതൃപ്തിയിലായിരുന്നുവെന്നാണ് വിവരം. ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല എന്നാണ് നിജേഷ് പറഞ്ഞത്. തുടർന്നായിരുന്നു രാജി.




