Uncategorized

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിയ്ക്ക് കൈമാറി. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ആരോപിച്ചാണ് രാജി. എലത്തൂര്‍ സീറ്റില്‍ നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ പേര് ഉണ്ടായിരുന്നില്ല. ഇതില്‍ അമര്‍ഷമുണ്ടായിരുന്നു. ബാലുശേരിയിലായിരുന്നു നിജേഷിന്റെ പ്രചാരണമേഖല. എന്നാല്‍ അവിടെയും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും പാര്‍ട്ടി നിജേഷിനെ ഏല്‍പ്പിച്ചിരുന്നില്ല. അവസാനഘട്ടം വരെ സജീവമായി നിന്നെങ്കിലും ഒരു ഉത്തരവാദിത്തവും നല്‍കാത്തതില്‍ നിജേഷ് അതൃപ്തിയിലായിരുന്നുവെന്നാണ് വിവരം. ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല എന്നാണ് നിജേഷ് പറയുന്നത്. തുടർന്നാണ് രാജി.

രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റെ കോഴിക്കോട്ടെ യുവ ശബ്ദമാണ് നിജേഷ്. കോണ്‍ഗ്രസ് വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുളള ആളാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ ഡിസിസി തയ്യാറായിരുന്നില്ല. അദ്ദേഹം പരസ്യമായി അതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അത് പിന്നീട് പിന്‍വലിക്കുകയും പോസ്റ്റില്‍ പാർട്ടിക്ക് വിശദീകരണം നല്‍കേണ്ടിവരികയും ചെയ്തിരുന്നു. ആ സ്ഥാനാർത്ഥി പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും അയാളെ തന്നെ പഞ്ചായത്ത് പ്രസിഡന്‌റാക്കേണ്ടിവരുകയും ചെയ്തിരുന്നു. നിജേഷിനെ എലത്തൂര്‍ സീറ്റിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും വിദ്യാ ബാലകൃഷ്ണനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ തീരുമാനമില്ലെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും നിജേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button