Uncategorized

ഒരു ഫണ്ടിനും കാത്തുനില്‍ക്കാതെ നാട്ടുകാര്‍ പിരിച്ചുണ്ടാക്കിയത് രണ്ട് കോടി; ഒറ്റക്കെട്ടായി അഞ്ച് കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു

കോഴിക്കോട്: നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ റോഡിന്‍റെ ദൂരം പ്രതികൂലമായില്ല. പഞ്ചായത്ത് ഫണ്ടോ, ജനപ്രതിനിധികളുടെ ഫണ്ടോ ഇല്ലാതെ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത രണ്ട് കോടി രൂപ ഉപയോഗിച്ച് അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് വ്യത്യസ്തരാവുകയാണ് ഈ നാട്ടുകാര്‍. കോഴിക്കോട്-മലപ്പുറം ജില്ല അതിര്‍ത്തിയിലുള്ള കക്കാടംപൊയില്‍ -തോട്ടപ്പള്ളി-ചെമ്പോത്തി റോഡാണ് നാട്ടുകാരുടെ പ്രയത്‌നത്താല്‍ യാഥാര്‍ത്ഥ്യമായത്. ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായിരുന്നു. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. കൃത്യമായ സഞ്ചാരമാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ നിരവധി പേര്‍ ഇവിടെ നിന്ന് കുടിയൊഴിയുന്ന സാഹചര്യം പോലുമുണ്ടായി.

ജീപ്പ് പോലുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുതലുള്ള വാഹനങ്ങള്‍ മാത്രമാണ് ദുര്‍ഗ്ഗടമായ പാതയിലൂടെ സഞ്ചരിച്ചിരുന്നത്. സാങ്കേതിക പരിമിതകളുള്ളതിനാല്‍ പഞ്ചായത്തിനും തുക അനുവദിക്കാന്‍ സാധിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് വ്യത്യസ്തമായ ഒരു പദ്ധതിക്ക് രൂപം നല്‍കിയത്. നാട്ടുകാര്‍ തന്നെ പിരിച്ചെടുത്ത തുക ഉപയോഗിച്ച് മൂന്ന് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഫാ. സജി വളവിലിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ നവീകരിച്ച കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഫണ്ടുകളുടെ അഭാവത്തിലും നല്ല കൂട്ടായ്മ ഉണ്ടെങ്കില്‍ വലിയ പദ്ധതികള്‍ നടത്താന്‍ സാധിക്കുമെന്നും ഇത്തരം കൂട്ടായ്മകള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button