Uncategorized

ആന്ധ്രാപ്രദേശിൽ യാത്രാ വാഹനവും ടാങ്കർലോറിയും കൂട്ടിയിടിച്ചു; എട്ട് മരണം, 13 പേർക്ക് പരിക്ക്

കുർണൂൽ: ആന്ധ്രാപ്രദേശിൽ യാത്രാ വാഹനവും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചതായി റിപ്പോർട്ട് . 13 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. 21 പേർ സഞ്ചരിച്ച ബൊലേറോ മിനി പിക്കപ്പ് വാഹനമാണ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. കുർണൂൽ ജില്ലയിൽ മന്ത്രാലയ മണ്ഡലത്തിലെ ചിലകലഡോണയ്ക്ക് സമീപമാണ് അപകടം നടന്നത്.
ശ്രീ രാഘവേന്ദ്ര സ്വാമി ദേവാലയത്തിലെ ദർശനത്തിനായി മന്ത്രാലയത്തിലേക്ക് പോകുന്ന തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്ന് പേർക്ക് ആശുപത്രിയിലെത്തിച്ച ശേഷമാണ് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വരികയാണ്. മരിച്ചവരിൽ ഭൂരിഭാഗവും കർണാടകയിലെ ചിക്കമഗളൂരു മേഖലയിൽ നിന്നുള്ള തീർഥാടകരാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അഞ്ച് സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും പിഎംഒ ഓഫീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button