‘കൊല്ലെടാ അവനെ…! ബാറിനുള്ളിലെ തർക്കം; യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു

തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിനുള്ളിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സഹോദരങ്ങൾ തല്ലിക്കൊന്നു. വണ്ടിത്തടം സ്വദേശി സുമൻ (38)ആണ് മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളായ അച്ചുവും അനന്തുവുമടക്കം നാലുപേർ അറസ്റ്റിൽ. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിഴിഞ്ഞം സ്‌റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
ബാറിലിരിക്കെ ഷാൻ എന്ന ചെറുപ്പക്കാരനുമായി യുവാക്കൾ വാക്കുതർക്കമായി. ഇതിൽ സുമൻ ഇടപെട്ടു. പെട്ടെന്ന് സുമൻ്റെ നേരെ സംഘം തിരിഞ്ഞുവെന്നും മർദനമേറ്റ് അവശനായ സുമൻ ബാറിന് പുറത്തേക്കിറങ്ങിയോടിയെന്നും യുവാക്കൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സുമനെ യുവാക്കൾ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഒപ്പമുള്ളവർ പിടിച്ചുമാറ്റാൻ ശ്രമിക്കാതെ വിഡിയോ പകർത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പൊലീസ് വരും എടുത്ത് ആശുപത്രിയിൽ കൊണ്ടുപോടാ എന്ന് ഒരാൾ പറയുമ്പോൾ എൻ്റെ ചേട്ടനെ അടിച്ച് ചോര വരുത്തിയപ്പോൾ ആരും ഇടപെട്ടില്ലല്ലോ എന്നാണ് യുവാക്കളിലൊരാൾ പറയുന്നത്.
മർദനമേറ്റ് മൃതപ്രായനായ സുമനെ യുവാക്കൾ നടുറോഡിൽ ഉപേക്ഷിച്ച് പോകുകയും ചെയ്‌തു. കാറിൽ ഈ വഴി വന്ന യുവാക്കളാണ് സുമനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. അച്ചുവിനും അനന്തുവിനുമൊപ്പമുണ്ടായിരുന്ന സൂര്യജിത്തിനെയും കൃഷ്ണപ്രസാദിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.




