Uncategorized

വിഷു സദ്യയ്ക്കായി ഹോട്ടലുകളെ ആശ്രയിച്ച് പ്രവാസികൾ; റസ്റ്ററന്റുകളിൽ അനുഭവപ്പെട്ടത് വലിയ തിരക്ക്

വിഷു ദിനമായ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ഹോട്ടലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പരമ്പരാഗത രീതിയിലുള്ള വിഷു സദ്യ ഒരുക്കിയായിരുന്നു വിവിധ റസ്റ്ററന്റുകള്‍ പ്രവാസികളെ വരവേറ്റത്. ദുബായില്‍ നിന്നുള്ള കാഴ്ചകളിലേക്ക്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ വീട്ടില്‍ സദ്യ ഒരുക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗം പ്രവാസികളാണ് ഇന്ന് ഹോട്ടലുകളെ ആശ്രയിച്ചത്.

വാഴയിലയില്‍ വിളമ്പുന്ന വിഷു സദ്യ ഓരോ മലയാളിക്കും രുചിയും പാരമ്പര്യവും ഗൃഹാതുരതയും ഒരുപോലെ നിറയുന്ന അനുഭവമാണ്. അതുകൊണ്ട് തന്നെ പാമ്പര്യവും തനിമയും ഒട്ടും ചോരാതെ തന്നെയായിരുന്നു ഓരോ റെസ്റ്ററന്റുകളും വിഷു സദ്യ തയ്യാറാക്കിയത്. പുളിശ്ശേരിയും അവിയലും ഓലനും പപ്പടവും തുടങ്ങി വാഴയില നിറയെ വിഭവങ്ങള്‍. പിന്നെ പലതരം പായസങ്ങളുടെ രുചി മേളം കൂടി ചേര്‍ന്ന് നല്ല ഒന്നാന്തരം സദ്യ.

രാവിലെ പതിനൊന്നരയോടെ തന്നെ ഹാട്ടലുകളില്‍ സദ്യക്കായി ആളുകള്‍ എത്തിതുടങ്ങി. ഉച്ചയോടെ പലയിടത്തും തിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചു. ഓഫീസുകളില്‍ നിന്നുള്ള ഇടവേളകളില്‍ സദ്യ കഴിക്കാനായി ഓടിയെത്തിയവരും നിരവധിയായിരുന്നു.

മലയാളികള്‍ മാത്രമല്ല വിഷു ആഘോഷങ്ങളില്‍ പങ്കാളികളായത്. അതില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമുണ്ട്. കേരളത്തെയും വിഷുവിനെയും മാത്രമല്ല മലയാളത്തിന്റെ
തനത് സദ്യയെയും അവര്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.
വിഷു സദ്യക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് വിവിധ ഹോട്ടലുകള്‍ നടത്തിയത്. സദ്യക്ക് വേണ്ടിയുള്ള പ്രീ ബുക്കിംഗും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. നേരിട്ട് വിളമ്പിയതിനെക്കാള്‍ ഇരട്ടിയോളം സദ്യ ഓണ്‍ലൈന്‍ ഡെലിവറിയായും വീടുകളില്‍ എത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button