Uncategorized

വിഷു വിപണി ഉണർന്നു; കണിയൊരുക്കാനുള്ള അവസാനവട്ട ഒരുക്കത്തിൽ മലയാളി

കൊച്ചി: വിഷുവിനെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിൽ മലയാളി. സദ്യയ്ക്കുള്ള ചിട്ടവട്ടങ്ങള്‍ക്കും കണിയൊരുക്കലിനും സാധനങ്ങൾ തേടി മലയാളികൾ വിഷു പാച്ചിൽ തുടങ്ങിയിട്ടുണ്ട്. വിഷു വിപണിയിൽ കണിവെള്ളരിക്കും കണിക്കൊന്നയ്ക്കും വൻ ഡിമാൻഡ്. ഹൈപ്പർ മാർക്കറ്റുകൾ പ്രത്യേക വിഷുചന്ത ഒരുക്കിയിട്ടുണ്ട്. വസ്ത്ര വിപണിയും പടക്ക വിപണിയും സജീവമാണ്.

കണിക്കൊന്നയും പ്ലാസ്‌റ്റിക്‌ പതിപ്പും വിപണിയില്‍ ലഭ്യമാണ്. 50 രൂപ മുതലാണ് കൃത്രിമ കൊന്നപ്പൂവിൻ്റെ വില. ചിലയിടങ്ങളിൽ 90 രൂപ വരെ വിലയുണ്ട്. അഞ്ച് ഇഞ്ച് മുതൽ നാലടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ വിൽപ്പനയ്‌ക്കുണ്ട്. 100 മുതൽ 5000 രൂപ വരെയാണ്‌ വില. പിച്ചളയിൽ നിർമിച്ച കൃഷ്ണ വിഗ്രഹങ്ങള്‍ക്ക് വില പിന്നേയും കൂടും.
കണി വയ്‌ക്കേണ്ടവയിൽ പ്രധാന്യമുള്ള… നെല്ല്, മഞ്ചാടിക്കുരു, കുന്നിക്കുരു, നവധാന്യം, കൺമഷി, സിന്ദൂരം, കളഭം, വാൽകണ്ണാടി, തിരുവുടയാട, മയിൽപ്പീലി, ഓടക്കുഴൽ, ലക്ഷ്മി നാണയം, ഉരുളി, പറ, ലക്ഷ്മി വിളക്ക്, നിലവിളക്ക്, കിണ്ടി തുടങ്ങിയവയ്ക്ക് വിപണിയിൽ ആവശ്യമേറുന്നുണ്ട്. മയിൽപ്പീലി, ഓടക്കുഴൽ തുടങ്ങിയവയ്ക്ക് 10-20 രൂപ നൽകണം. ഉടയാടയ്ക്ക് 50 മുതൽ 200 രൂപ വിലയുണ്ട്. കണിവെള്ളരി കിലോയ്ക്ക് 30 രൂപ മുതലാണ് വില.

കുടുംബശ്രീ, സപ്ലൈകോ തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക വിപണിയും സജീവമാണ്. സപ്ലൈകോ ഈസ്റ്റർ-വിഷു ഫെയറുകൾ ചൊവ്വാഴ്ച വരെ നടക്കും. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങൾ എന്നിവ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 1250 രൂപയുടെ 16 അവശ്യസാധനങ്ങളാണ് വിഷുക്കണി കിറ്റിൽ ഉൾപ്പെടുത്തി 1001 രൂപയ്ക്ക് നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button