നിതിൻ രാജിന്റെ മരണം; കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണസംഘം.
തിരുവനന്തപുരത്തെത്തിയ പോലീസ് നിതിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. മൊഴി വിശദമായി പരിശോധിക്കും. കോളേജിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതടക്കം പരിശോധിച്ച ശേഷമാകും തുടർനടപടി.
നിതിൻ്റെ കുടുംബാംഗങ്ങൾ സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖരനെ നേരിൽ കണ്ടിരുന്നു. അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിജിപി കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഡിജിപിക്ക് പരാതി നൽകിയത്. അന്വേഷണത്തിനായി രൂപീകരിച്ച ഏഴംഗസംഘം നിതിൻ്റെ വീട്ടിലെത്തി കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി. കോളജിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
നിതിൻ രാജിൻ്റെ കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയിൽ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടു മുൻപ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സസ്പെൻഷനിലായ ഡോ. എം.കെ. റാമിനെതിരെ നേരത്തെയും പരാതി ഉന്നയിച്ചിരുന്നതായി വിദ്യാർഥികൾ പറയുന്നുണ്ട്.




