വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് എച്ച്ഐവി കലർന്ന രക്തം കുത്തിവച്ചു; യുവതി ജീവനൊടുക്കി

വിവാഹാഭ്യർഥന നിരസിച്ചതിന് എച്ച്ഐവി രക്തം കുത്തിവയ്ക്കപ്പെട്ട യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ യുവതിയ്ക്ക് നേരെ കഴിഞ്ഞ മാസം 11നാണ് അതിക്രമം ഉണ്ടായത്. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തിൽ നിന്ന് യുവതി പിൻമാറിയതാണ് പ്രതിശ്രുത വരനെ പ്രകോപിപ്പിച്ചത്. യുവാവിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ കുടുംബം യുവാവിനോട് എച്ച്‌ഐവി പരിശോധന നടത്താൻ ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ യുവാവും എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെയാണ് യുവതി വിവാഹത്തിന് താൻ തയ്യാറല്ലെന്ന് വ്യക്‌തമാക്കിയത്.
വിവാഹത്തിൽ നിന്ന് പെൺകുട്ടിയും കുടുംബവും പിൻമാറിയെന്ന് അറിഞ്ഞതിൽ യുവാവ് അങ്ങേയറ്റം കുപിതനായി. സംസാരിക്കുന്നതിനെന്ന് പറഞ്ഞ് വീട്ടിലേക്ക് എത്തിയ യുവാവ് പെൺകുട്ടിയുടെ മേൽ രക്തം കുത്തിവയ്ക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ആശുപത്രിയിൽ എത്തുകയും ചികിൽസ തേടുകയും ചെയ്തു. ഈ സംഭവത്തിന് ഒരു മാസം കഴിഞ്ഞതോടെയാണ് യുവതി ജീവനൊടുക്കിയത്. മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താനും പോസിറ്റീവ് ആകുമോയെന്ന ഭയവും, സമൂഹം ബഹിഷ്കരിക്കുമെന്ന ആശങ്കയും വൈകാരിക പ്രശ്‌നങ്ങളുമാണ് ജീവനൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.




