Uncategorized

‘സുധാകരൻ്റെ തലയിൽ മുഴുവൻ ജാതിബോധം, ചൂട് കൂടുമ്പോൾ പുറത്തേക്ക് വരുന്നുവെന്ന് മാത്രം’; ആഞ്ഞടിച്ച് എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഐഎം നേതാവുമായി ജി സുധാകരനെതിരെ രൂക്ഷവിമർശനവുമായി എംഎൽഎ എച്ച് സലാം. മത്സരിക്കാൻ തീരുമാനിച്ചത് മുതൽ ആരെയൊക്കെ അധിക്ഷേപിക്കാൻ പറ്റും എന്നാണ് അദ്ദേഹം ചിന്തിച്ചത്. ജാതിയും മതവും പറഞ്ഞാണ് അദ്ദേഹം അധിക്ഷേപിക്കുന്നതെന്നും എച്ച് സലാം വിമർശിച്ചു. മതം പറഞ്ഞാണ് തന്നെ അധിക്ഷേപിച്ചത്. എല്ലാ അധിക്ഷേപങ്ങൾക്ക് പിന്നിലും ജാതി കൂട്ടിയാണ് സുധാകരൻ പറയുന്നത്. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് അദ്ദേഹം സിഎസ് സുജാതയെ അധിക്ഷേപിച്ചത്. സുധാകരൻ തലയിൽ മുഴുവൻ ജാതി ബോധം കുത്തിനിറച്ചുവെച്ചിരിക്കുകയാണ് എന്നും ചൂട് കൂടുമ്പോൾ അത് പുറത്തേക്ക് വരുകയാണ് എന്നും എച്ച് സലാം പറഞ്ഞു.

മത്സ്യത്തിന്റെ മണമുള്ള മണ്ണ് അമ്പലത്തിന്റെ കോംബൗണ്ടിൽ അടിച്ചു എന്ന് സുധാകരൻ പറഞ്ഞു. അത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. മീനിൻ്റെ മണം ദുഷിപ്പായി മനസ്സിൽ കാണുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നും സലാം പറഞ്ഞു. അമ്പലപ്പുഴയിൽ എത്ര വോട്ട് മറിച്ചാലും താൻ ഉറപ്പായും ജയിക്കും. ബിജെപിയുടെ എത്ര വോട്ട് യുഡിഎഫിന് കിട്ടും എന്നതനുസരിച്ചായിരിക്കും ഭൂരിപക്ഷം. 5000 വോട്ട് തനിക്ക് ലഭിക്കുമെന്ന് ജി സുധാകരൻ പറഞ്ഞത് ഡീലിന്റെ ഭാഗം തന്നെയാണെന്നും സലാം വിമർശിച്ചു.

സുധാകരൻ ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന പരാതിയിലും എച്ച് സലാം പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് സുധാകരൻ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മാറ്റി. മകന്റെ ആസ്തിയും കാണിച്ചിട്ടില്ല. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് പണം മാറ്റിയത് എന്ന് എച്ച് സലാം ചോദിച്ചു.ഡിവൈഎഫ്ഐ ആണ് ജി സുധാകരൻ ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ജി സുധാകരന്‍ തന്റെ കൈവശം 5000 രൂപ മാത്രമാണുള്ളതെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധാകരന്റെയും ഭാര്യയുടെയും അക്കൗണ്ടിലുള്ള പണം മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

തന്റെ കൈവശം 5000 രൂപയും ഭാര്യയുടെ കൈവശം 10,000 രൂപയുമാണ് ഉള്ളതെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ആകെ ജംഗമ ആസ്തി 11,57,152 രൂപയും ഭാര്യയുടെ ജംഗമ ആസ്തി 24,68,214 രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ സ്ഥാവര ആസ്തികളുടെ വിപണി വില ഏകദേശം 56,00,000 രൂപയാണെന്നും, ഭാര്യയുടെ സ്ഥാവര ആസ്തികളുടെ ആകെ വിപണി വില 13,00,000 രൂപയുമാണ്. ഭാര്യയ്ക്ക് 21 പവന്‍ സ്വര്‍ണവും 100 ഗ്രാം വെള്ളിയുമുണ്ട്. മാസം 38000 രൂപയും ഭാര്യയ്ക്ക് 1,12,430 രൂപ പെന്‍ഷനായി ലഭിക്കുന്നുണ്ട്. എന്നീ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button