Uncategorized

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ഡല്‍ഹിയിലെത്തിയ നിതീഷിനെ ജെഡിയു ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഉള്‍പ്പെടെയുളള നേതാക്കളെത്തിയാണ് സ്വീകരിച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍പേഴ്‌സണുമായ സി പി രാധാകൃഷ്ണനായിരിക്കും നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാകും അടുത്ത ബിഹാർ മുഖ്യമന്ത്രി. നിലവിൽ ഉപമുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.

മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി ഏപ്രിൽ 13ന് മന്ത്രിസഭ കൂടാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര അധിക നാൾ ഒഴിച്ചിടരുത് എന്ന് നിതീഷ് നിലപാടെടുത്തിട്ടുണ്ട്. ഇത് ബിജെപി നേതാക്കളെയടക്കം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സാമ്രാട്ട് ചൗധരിയോടാണ് നിതീഷിന് താത്പര്യം എന്നാണ് റിപ്പോർട്ടുകൾ. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെതന്നെ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. ഏപ്രിൽ 15നാകും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലേക്കെത്തും. ഉപമുഖ്യമന്ത്രി പദമാണ് നിഷാന്തിന് നൽകുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇതുവരെ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നിഷാന്ത് കുമാർ. 1975ൽ ഭക്തിയാർപൂരിൽ ജനിച്ച നിഷാന്ത് കുമാർ മെസ്‌റ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്നും സോഫ്റ്റ്‌വെയർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button